വൈറസ് ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; ചര്‍ച്ചകള്‍ തകൃതി

കൊറോണ വൈറസ് ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ടതാണെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദം പുതിയ വിവാദത്തിനു വഴി തെളിച്ചിരിക്കുകയാണ്. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വൈറസിനെക്കുറിച്ച് ഗഡ്കരി പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മറ്റും ചൈനയ്‌ക്കെതിരെ ഒരു ആയുധമായി ഈ വിഷയം ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍ ഈ നിലപാടിന് വ്യക്തമായ തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആദ്യമായാണ് ഇന്ത്യയില്‍നിന്ന് സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം കൊറോണ വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് തന്റെ സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കോവിഡ്–19ന് കാരണം ചൈനയാണെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്ന ഭീഷണിയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസില്‍ 9 സെനറ്റര്‍മാര്‍ നിയമനിര്‍മാണത്തിനുള്ള നിര്‍ദേശം കൊണ്ടുവന്നിരുന്നു. വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് പുറത്തുവന്നതെന്നതിന് വ്യക്തമായ തെളിവുണ്ടെന്നാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറയുന്നത്.

‘ചൈനയ്ക്ക് ലോകത്ത് പകര്‍ച്ചവ്യാധി പടര്‍ത്തുന്നതില്‍ മുന്‍കാല ചരിത്രമുണ്ട്. നിലവാരംകുറഞ്ഞ ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ദീര്‍ഘകാല ചരിത്രവും ഇവര്‍ക്കുണ്ട്. ചൈനീസ് ലാബിലെ പരാജയം കൊണ്ട് ലോകം വൈറസുകള്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കപ്പെടുന്നത് ആദ്യമായിട്ടല്ല. രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം തുടരുകയാണ്. വൈറസ് വുഹാനിലെ ലാബില്‍നിന്നാണ് വന്നതെന്നതിന്റെ വ്യക്തമായ തെളിവു അന്വേഷണത്തില്‍ ലഭിക്കും’ – പോംപെയോ വ്യക്തമാക്കി.

വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (ഡബ്ല്യുഐവി) ചൈനയില്‍ വൈറസ് ശേഖരണത്തിന്റെ മുഖ്യകേന്ദ്രമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 1,500ഓളം വ്യത്യസ്ത തരം വൈറസുകള്‍ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്കാണിത്. എബോള പോലെ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരാന്‍ കഴിയുന്ന അതീവഅപകടകാരികളായ ക്ലാസ്4 വിഭാഗത്തിലുള്ള രോഗാണുക്കളെ (പി4) കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏഷ്യയിലെ ആദ്യത്തെ ഏറ്റവും സുരക്ഷയുള്ള ലാബും ഇവിടെയുണ്ട്.

42 മില്യന്‍ ഡോളര്‍ ചെലവിട്ടു സജ്ജമാക്കിയ ലാബിന്റെ നിര്‍മാണം 2015ലാണു പൂര്‍ത്തിയായത്. 2018 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വുഹാന്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കാടുപിടിച്ച കുന്നിന്‍ചെരുവിലെ തടാകത്തിനു സമീപത്ത് ചതുരാകൃതിയുള്ള കെട്ടിടത്തിലാണ് 3000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പി4 ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് വ്യവസായിയായ എലൈന്‍ മെരിയക്‌സാണ് നിര്‍മാണത്തില്‍ കണ്‍സല്‍റ്റന്റായി പ്രവര്‍ത്തിച്ചത്. 2012ല്‍ മുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു പി3 ലാബും ഇവിടെയുണ്ട്.

വൈറസില്‍ കൃത്രിമ കൂട്ടിച്ചേര്‍ക്കല്‍ നടന്നുവെന്നും മറ്റും ആരോപണം ഉയരുന്നുണ്ട്.കാരണം വൈറസ് എവിടെനിന്നാണ് വന്നതെന്നുള്ളതിന്റെ കൃത്യമായ തെളിവ് കണ്ടെടുത്തിട്ടില്ല. വൈറസ് പടര്‍ത്തിയ സാര്‍സ് കോവ്–2ന്റെ അടുത്ത ബന്ധുവായ വൈറസ് വവ്വാലുകളില്‍ കണ്ടിട്ടുണ്ടെന്നാണ് അടുത്തിടെ ഗവേഷകര്‍ കണ്ടെത്തിയത്. ഇതിനാല്‍ത്തന്നെ കോവിഡ്–19ന് കാരണമായ വൈറസ് പ്രകൃതിയില്‍ സ്വയം ഉരുത്തിരിഞ്ഞുവന്നതാണെന്ന് ഗവേഷകര്‍ കരുതുന്നു. വവ്വാലുകള്‍ത്തന്നെയാണ് വൈറസിന്റെ ഹോസ്റ്റ് എന്നു കരുതിയാലും ഈനാംപേച്ചി പോലുള്ള മൃഗങ്ങളില്‍ക്കൂടിയാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് നിഗമനം. എന്നാല്‍ ഏതു മൃഗമാണിതെന്നു വ്യക്തമായിട്ടില്ല.

വവ്വാലുകളില്‍ കാണപ്പെടുന്ന വൈറസുകളുമായി സാമ്യമുള്ളതാണ് സാര്‍സ് കോവ്–2 എങ്കിലും അവയിലെ എസ്1 / എസ്2 ഇന്‍സേര്‍ഷന്‍ (കൂട്ടിച്ചേര്‍ക്കല്‍) ലബോറട്ടറിയില്‍ നടന്നതാണെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അടുത്തിടെ കറന്റ് ബയോളജി എന്ന ജേര്‍ണലില്‍ വന്ന ഗവേഷണ റിപ്പോര്‍ട്ടില്‍ ഈ സാധ്യത പക്ഷേ, തള്ളിക്കളയുന്നുണ്ട്. വന്യമൃഗങ്ങളില്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ പ്രകൃതിയാല്‍ത്തന്നെ സംഭവിക്കുന്നതാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

pathram:
Related Post
Leave a Comment