പോലീസകാര്‍ക്ക് രോഗം വന്നത് കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് ; പോലീസ്, എക്‌സൈസ് നടപടികള്‍ പേടിച്ച് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സഹകരിക്കാതെ യുവാവ്

കല്പറ്റ : വയനാട് ജില്ലയിലെ പോലീസുകാര്‍ക്ക് രോഗം പകര്‍ന്നത് കഞ്ചാവ് കേസിലെജില്ലയിലെ പ്രതിയില്‍ നിന്ന്. പോലീസ്, എക്‌സൈസ് നടപടികള്‍ പേടിച്ച് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സഹകരിക്കാതെ യുവാവ്
.പോലീസിന് കോവിഡ് സ്ഥിരീകരിച്ചത് കമ്മന സ്വദേശിയായ 20 വയസ്സുകാരനില്‍ നിന്നാണ് എന്നാണ് പോലീസ് നിഗമനം. മേയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഞ്ചാരപഥം പൂര്‍ണമായും പുറത്തുവിടാന്‍ ജില്ലാഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

റൂട്ട് മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളോട് യുവാവ് ഇത്രയും ദിവസമായിട്ടും സഹകരിച്ചിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ പലവട്ടം അഭ്യര്‍ഥിച്ചിട്ടും യുവാവ് ഒന്നും വിട്ടുപറഞ്ഞില്ല. ഇതേത്തുടര്‍ന്ന് പി.പി.ഇ. കിറ്റ് ധരിച്ച് രണ്ട് പോലീസുകാരും യുവാവിനെ ചോദ്യം ചെയ്തിരുന്നു. എന്നിട്ടും യുവാവില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചില്ല. യുവാവിന്റെ ഫോണ്‍ പരിശോധിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍, മൊബൈല്‍ കൈവശംവെക്കാതെ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ ലഭ്യമാകില്ല. യുവാവിന്റെ സഹകരണത്തോടെ മാത്രമേ പൂര്‍ണമായ റൂട്ട്മാപ്പ് തയ്യാറാക്കാനാവൂ.

ലോറിഡ്രൈവറുടെ സഹയാത്രികനായ ക്ലീനറുടെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്താണ് കമ്മന സ്വദേശി. ഇങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. എന്നാല്‍, ലോറിഡ്രൈവര്‍ ഈ വാദത്തെ എതിര്‍ക്കുന്നുണ്ട്. തന്റെ സഹയാത്രികനായ ക്ലീനര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

അദ്ദേഹം പരിശോധനകളിലെല്ലാം നെഗറ്റീവ് ആയിരുന്നു. ക്ലീനറുടെ മകനെ രണ്ട് വര്‍ഷം മുമ്പാണ് അവസാനം കണ്ടത്. പിന്നീട് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കാണുന്നത്. കമ്മന സ്വദേശിയും ക്ലീനറുടെ മകനും നിലമ്പൂരില്‍ ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. യുവാക്കള്‍ക്ക് രോഗം പകര്‍ന്നതും അവരുടെ പേരില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ തന്റെ പേരില്‍ കെട്ടിവെക്കരുതെന്നും ലോറി ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സാധ്യതയും ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. മറ്റാരെങ്കിലും വഴിയാണോ ഇരുവര്‍ക്കും രോഗബാധയുണ്ടായതെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍, കോയമ്പേട് ക്ലസ്റ്ററില്‍നിന്നുള്ള വൈറസ് തന്നെയാണ് ഈ യുവാക്കള്‍ക്കും ബാധിച്ചിരിക്കുന്നത്.

ഏപ്രില്‍ രണ്ടാംവാരം യുവാവിനെ വാഹനപരിശോധനയ്ക്കിടെ പോലീസുകാര്‍ ചോദ്യംചെയ്തിരുന്നു. ഏപ്രില്‍ 28-ന് മാനന്തവാടി സ്റ്റേഷനിലും മേയ് രണ്ടിന് ഡിവൈ.എസ്.പി. ഓഫീസിലും കമ്മന സ്വദേശിയെ വിളിപ്പിച്ചിരുന്നു. ഇതുവഴിയാണ് പോലീസുകാരിലേക്ക് രോഗം പടര്‍ന്നത്. ക്ലീനറുടെ മകന്‍, ആദ്യഘട്ടത്തില്‍ റൂട്ട്മാപ്പ് തയ്യാറാക്കുമ്പോള്‍ കമ്മനസ്വദേശിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

പിന്നീട് പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരന്തരമായി ഇരുവരും വിളിച്ചിരുന്നതായി കണ്ടെത്തി. അങ്ങനെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മയക്കുമരുന്ന് ഇടപാടുകളുമായി കമ്മന സ്വദേശി ഒട്ടേറെ പേരുമായി ഇടപെട്ടതായി സൂചനയുണ്ട്.ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കളുടെ ലഭ്യത ജില്ലയില്‍ നന്നായി കുറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ എത്തുന്ന ലഹരിവസ്തുക്കള്‍ ചെറിയ കൂട്ടങ്ങളായി ഒട്ടേറെ പേര്‍ ചേര്‍ന്ന് ഒരേ സമയം ഉപയോഗിക്കാനാണ് സാധ്യത.

അത്തരത്തില്‍ യുവാവിനൊപ്പം കൂട്ടമായി ചേര്‍ന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരെല്ലാം സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടും. എന്നാല്‍ പോലീസ്, എക്‌സൈസ് നടപടികള്‍ പേടിച്ച് ആരും പുറത്തുപറയുന്നില്ല.
ഇതും രോഗത്തിന്റെ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കാം. എല്‍.ഡി.എഫ്. കണ്‍വീനര്‍ ഉള്‍പ്പടെയുള്ളവര്‍ മയക്കുമരുന്ന് മാഫിയ ബന്ധം ആരോപണമായി ഉന്നയിച്ചതോടെ ഈ തലത്തില്‍ അന്വേഷണം കടുപ്പിക്കുകയാണ് പോലീസ്.

pathram:
Related Post
Leave a Comment