രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതർ 9000 കടന്നു. കൊവിഡ് മുക്തമായിരുന്ന ഗോവയിൽ ഏഴ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 74281 ആയി. ഇതുവരെ 2415 പേർ മരിച്ചു.
ഗുജറാത്തിൽ 24 മണിക്കൂറിനിടെ 29 മരണവും 364 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 9268ഉം മരണം 566ഉം ആയി. ഇതിൽ അഹമ്മദാബാദിൽ മാത്രം 6645 കേസുകളും 446 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ 509 പോസിറ്റീവ് കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 9227 കൊവിഡ് ബാധിതരിൽ 5262 പേരും ചെന്നൈയിലാണ്. കോയമ്പേട് മാർക്കറ്റിലെ വ്യാപാരികൾ നിർദേശങ്ങൾ അനുസരിച്ചില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കുറ്റപ്പെടുത്തി. ഡൽഹിയിൽ ആകെ കൊവിഡ് കേസുകൾ 7998ഉം മരണം 106ഉം ആയി ഉയർന്നു. ഉത്തം നഗർ സ്റ്റേഷനിലെ ടഒഛ കൊവിഡ് ബാധിതനായി. രാജസ്ഥാനിൽ 202 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 1699 ആയി. ഇതുവരെ 121 പേർ മരിച്ചു. ഗ്രീൻ സോണായിരുന്ന ഗോവയിൽ റോഡ് മുഖേനയെത്തിയ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം, ഡൽഹി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആരോഗ്യസുരക്ഷ സാമഗ്രികൾ കസ്റ്റംസ് പിടിച്ചെടുത്തു. അഞ്ച് ലക്ഷം മാസ്‌കുകൾ, 57 ലീറ്റർ സാനിറ്റൈസർ, 952 വ്യക്തി സുരക്ഷ ഉപകരണങ്ങൾ, മാസ്‌ക് നിർമിക്കാനുള്ള 2480 കിലോയുടെ സാമഗ്രികൾ തുടങ്ങിയവയാണ് ഡൽഹി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ എത്തിച്ച ആരോഗ്യസുരക്ഷ സാമഗ്രികൾ കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തു. അന്വേഷണം തുടങ്ങിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.
Leave a Comment