അവധിക്ക് വന്ന ആരോഗ്യ പ്രവര്‍ത്തകരോട് മടങ്ങി എത്താന്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ; ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് ഇന്ന് പുറപ്പെടും

കൊച്ചി: കേരളത്തിലേക്ക് അവധിക്ക് വന്ന ആരോഗ്യ പ്രവര്‍ത്തകരോട് മടങ്ങി എത്താന്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്രം അനുമതി നല്‍കിയതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ സംഘം ഇന്ന് യാത്ര തിരിക്കും. ഇതിനായി സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഇന്ന് കൊച്ചിയില്‍ ഇറങ്ങും. ഇന്ന് വൈകുന്നേരം 6.45ഓടെ 200 ഓളം പേര് അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യ പ്രവര്‍ത്തകരുമായി വിമാനം സൗദിയിലേക്ക് തിരിക്കും.

നഴ്‌സുമാര്‍ അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയം കത്ത് അയച്ചിരുന്നു. മടങ്ങി പോകുന്നവരില്‍ ഗര്‍ഭിണികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുണ്ട്. സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരെയാണ് തിരികെ എത്തിക്കുന്നത്. അടുത്ത ബാച്ചിനെ ഈ മാസം 16ാം തീയതിയും മൂന്നാം ബാച്ചിനെ 20ാം തീയതിയും സൗദി ആരോഗ്യ മന്ത്രാലയം തിരികെ കൊണ്ടു പോകും എന്നാണ് വിവരം. ആയിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മടങ്ങി എത്താനായി ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആരോഗ്യ പ്രവര്‍ത്തകരെ സൗദി ആരോഗ്യ മന്ത്രാലയം തിരിച്ചു വിളിച്ചത്. ഈ വര്‍ഷമാദ്യം ലീവിന് നാട്ടിലെത്തിയവരാണ് പകുതിയിലധികം ആരോഗ്യപ്രവര്‍ത്തകരും. തിരികെ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 14 ദിവസം ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും കൊറോണ ടെസ്റ്റ് നടത്തുകയും ചെയ്ത ശേഷമേ ജോലിയില്‍ പ്രവേശിപ്പിക്കൂ. നേരത്തെ ഫിലിപ്പിയനില്‍# നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെ സൗദി തിരികെ എത്തിച്ചിട്ടുണ്ട്.

pathram:
Leave a Comment