കണക്കുകൂട്ടലുകള്‍ തെറ്റിച്ചു രാജ്യത്തു കോവിഡ് കുതിക്കുന്നു; 67152 പേര്‍ക്ക് രോഗം, ഇളവുകള്‍ രോഗികള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു രാജ്യത്തു കോവിഡ് കുതിക്കുന്നു. ഈ മാസം 15നു രാജ്യത്ത് 65,000 രോഗികളുണ്ടാകുമെന്നായിരുന്നു നിതി ആയോഗ് റിപ്പോര്‍ട്ടെങ്കിലും 4 ദിവസം ശേഷിക്കെ ഇന്നലെ രോഗികള്‍ 67,152 ആയി. ലോക്ഡൗണ്‍ നിബന്ധനകളിലെ ഇളവുകളാണു രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്നു വിലയിരുത്തലുണ്ട്. ഇതേനിരക്കില്‍ വര്‍ധിച്ചാല്‍ അടുത്ത 15 ദിവസംകൊണ്ട് ഒരു ലക്ഷം പുതിയ കേസുകള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഓഗസ്റ്റ് പകുതിയോടെ രാജ്യത്തു 2.74 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നായിരുന്നു ഏപ്രില്‍ 27ലെ നിതി ആയോഗ് റിപ്പോര്‍ട്ട്. അന്ന് 12 ദിവസമെന്ന നിരക്കിലായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇത് ഇടയ്ക്കു മെച്ചപ്പെട്ടാലും ലോക്ഡൗണ്‍ മാറുമ്പോള്‍ സ്ഥിതി രൂക്ഷമാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്.

അതേസമയം മുംബൈയില്‍ കോവിഡ് സമൂഹവ്യാപനത്തിന്റെ സൂചനയെന്നു മഹാരാഷ്ട്ര രോഗ നിരീക്ഷണനിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ. സംസ്ഥാനത്തെ മറ്റു ചില കേന്ദ്രങ്ങളിലും സമൂഹ വ്യാപനത്തിനു സമാനമായ അവസ്ഥയാണെന്നും പറയുന്നു. അതേസമയം, ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 23,401 ആയി. ഇന്നലെ 36 പേര്‍ മരിച്ചു; 1230 പേര്‍ക്ക് രോഗം. ആകെ മരണം 868. ഇതില്‍ 14,355 രോഗികളും 528 മരണവും മുംബൈയിലാണ്. ധാരാവിചേരിയില്‍ കോവിഡ് ബാധിതര്‍ 916 ആയി.

മഹാരാഷ്ട്രയില്‍ നിലവില്‍ 25000 വ്യവസായ ശാലകള്‍ തുറന്നു; 6 ലക്ഷം പേര്‍ ജോലിയില്‍ സജീവമായി. അതിനിടെ, 1170 സ്വകാര്യ ഡോക്ടര്‍മാര്‍ മുംബൈയില്‍ കോവിഡ് ഡ്യൂട്ടിക്ക് സന്നദ്ധത അറിയിച്ചു. 15 ദിവസം കോവി!ഡ് ജോലിക്കു സന്നദ്ധരല്ലാത്ത സ്വകാര്യമേഖലാ ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണിത്. ചട്ടങ്ങള്‍ ലംഘിച്ച് തെരുവില്‍ നമസ്‌കാരപ്രാര്‍ഥന നടത്തിയതിന് 100 പേര്‍ക്കെതിരെ കേസെടുത്തു. സുഹൃത്തുമൊത്ത് കാറില്‍ കറങ്ങിയ നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെയും കേസുണ്ട്.

ഇന്നലെ 798 പേര്‍ക്കു രോഗം കണ്ടെത്തിയതോടെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികള്‍ 8002 ആയി. ഒറ്റ ദിവസം ഇത്രയും പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ആദ്യം. ഇന്നലെ 6 പേര്‍ മരിച്ചതോടെ കോവിഡ് മരണം 53. ചെന്നൈയില്‍ മാത്രം 4371 രോഗികളാണുള്ളത്.

pathram:
Leave a Comment