കോവിഡ്: ഇന്ത്യയിൽ സമൂഹവ്യാപനമെന്ന് സൂചന

മുംബൈയിൽ കോവിഡ് സമൂഹവ്യാപനത്തിന്റെ സൂചനയെന്നു മഹാരാഷ്ട്ര രോഗ നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ. സംസ്ഥാനത്തെ മറ്റു ചില കേന്ദ്രങ്ങളിലും സമൂഹ വ്യാപനത്തിനു സമാനമായ അവസ്ഥയാണെന്നും പറയുന്നു. അതേസമയം, ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 23,401 ആയി. ഇന്നലെ 36 പേർ മരിച്ചു; 1230 പേർക്ക് രോഗം. ആകെ മരണം 868. ഇതിൽ 14,355 രോഗികളും 528 മരണവും മുംബൈയിലാണ്. ധാരാവിചേരിയിൽ കോവിഡ് ബാധിതർ 916 ആയി.

മഹാരാഷ്ട്രയിൽ നിലവിൽ 25000 വ്യവസായ ശാലകൾ തുറന്നു; 6 ലക്ഷം പേർ ജോലിയിൽ സജീവമായി. അതിനിടെ, 1170 സ്വകാര്യ ഡോക്ടർമാർ മുംബൈയിൽ കോവിഡ് ഡ്യൂട്ടിക്ക് സന്നദ്ധത അറിയിച്ചു. 15 ദിവസം കോവി‍ഡ് ജോലിക്കു സന്നദ്ധരല്ലാത്ത സ്വകാര്യമേഖലാ ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണിത്. ചട്ടങ്ങൾ ലംഘിച്ച് തെരുവിൽ നമസ്കാരപ്രാർഥന നടത്തിയതിന് 100 പേർക്കെതിരെ കേസെടുത്തു. സുഹൃത്തുമൊത്ത് കാറിൽ കറങ്ങിയ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെയും കേസുണ്ട്.

ഇന്നലെ 798 പേർക്കു രോഗം കണ്ടെത്തിയതോടെ തമിഴ്നാട്ടിലെ കോവിഡ് രോഗികൾ 8002 ആയി. ഒറ്റ ദിവസം ഇത്രയും പേർക്കു രോഗം സ്ഥിരീകരിക്കുന്നത് ആദ്യം. ഇന്നലെ 6 പേർ മരിച്ചതോടെ കോവിഡ് മരണം 53. ചെന്നൈയിൽ മാത്രം 4371 രോഗികളാണുള്ളത്.

pathram desk 2:
Related Post
Leave a Comment