കേരളത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി : മുഖ്യമന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ചു

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. സുധാകര്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.

കോവിഡ് പ്രതിരോധത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കും ലോകത്തിനും തന്നെ മാതൃകയാണെന്ന് കെ. സുധാകര്‍ പറഞ്ഞു. കര്‍ണാടകത്തെ അപേക്ഷിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണ്. കേരളത്തിന്റെ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. കോവിഡ് പ്രതിരോധത്തില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ഡോ. കെ. സുധാകര്‍ വ്യക്തമാക്കി.

കോവിഡ്19 പ്രതിരോധത്തിനായി കര്‍ണാടക നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി വന്‍കിട ആശുപത്രികള്‍ കര്‍ണാടകയില്‍ ഉണ്ടെന്നത് സഹായകരമാണ്. കര്‍ണാടകയില്‍ 80 ശതമാനവും സ്വകാര്യ ആശുപത്രികളാണ്. എന്നാല്‍ പല സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത് പ്രതിസന്ധിയുണ്ടാകുന്നു. കേരളത്തില്‍ മരണ നിരക്ക് കുറയ്ക്കാനായത് വലിയ നേട്ടമാണെന്നും ഡോ. കെ. സുധാകര്‍ പറഞ്ഞു. കേരളം അനുവര്‍ത്തിക്കുന്ന ചികിത്സാ രീതികളെ കുറിച്ച് മന്ത്രി അന്വേഷിച്ചു.

കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇത്രയേറെ കേസുകള്‍ ഉണ്ടായിട്ടും കൂടുതല്‍ ആളുകളിലേക്ക് പകരാതെ കോവിഡ്19 തടയാന്‍ കഴിഞ്ഞതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ചിട്ടയായ പ്രവര്‍ത്തനം നടത്തിയാണ് കോവിഡിനെ പ്രതിരോധിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മരണനിരക്ക് പരമാവധി കുറയ്ക്കാനും രോഗവ്യാപനം തടയാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിശോധനകള്‍, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്തു. വീണ്ടും ഇത്തരം വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ താത്പര്യമുണ്ടെന്നും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളറിയാന്‍ ആഗ്രഹമുണ്ടെന്നും മന്ത്രി ഡോ. കെ. സുധാകര്‍ സൂചിപ്പിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തില്‍ തെലുങ്കാന, ഒഡീഷ, ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കേരളം സ്വീകരിച്ച നടപടികള്‍ സസൂക്ഷ്മം പഠിച്ചിരുന്നു. അതിന് പിന്നാലെയാണ് കര്‍ണാടക വീണ്ടും ബന്ധപ്പെടുന്നത്.

pathram:
Related Post
Leave a Comment