രണ്ടാമത്തെ കപ്പലും കൊച്ചിയിലെത്തി

ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി. എം വി അറേബ്യൻസീ എന്ന കപ്പൽ ഇന്ന് രാവിലെ ഏഴിനാണ് കൊച്ചിയിലെത്തിയത്. വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ഉൾപ്പെടെ 121 യാത്രക്കാരുമായാണ് കപ്പൽ കൊച്ചിയുടെ തീരമണഞ്ഞത്.

വെല്ലിങ്ടൺ ഐലൻഡിലെ ക്രൂയിസ് ബെർത്തിലെത്തിയ കപ്പലിൽ നിന്ന് പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റുന്നത്. ലക്ഷദ്വീപിൽ നിലവിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട്‌ ചെയ്യാത്തതിനാൽ എല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിൽ തുടരാണമെന്നാണ് നിർദേശം.കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിൽ നിന്ന് കപ്പൽ ലക്ഷദ്വീപിലേക്ക് പോയത്.

രാവിലെ മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി പുറപ്പെട്ട ജലാശ്വ കപ്പൽ കൊച്ചി തീരത്തെത്തിയിരുന്നു. യാത്രക്കാരിൽ 440 മലയാളികളാണ് ഉള്ളത്. 18 ഗർഭിണികളും 14 കുട്ടികളും യാത്രക്കാരിൽ ഉണ്ട്. 698 യാത്രക്കാരിൽ 595 പുരുഷൻമാരും 109 സ്ത്രീകളുമാണുള്ളത്. 36 മണിക്കൂർ നീണ്ട യാത്രക്ക് ശേഷമാണ് കപ്പൽ തീരത്ത് അടുത്തത്. സമുദ്രസേതു ഒഴിപ്പിക്കൽ ഘട്ടത്തിൻ്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

20 സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണ് കപ്പലിൽ ഉള്ളത്. കേരളം കഴിഞ്ഞാൽ തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത്. 137 പേരാണ് കേരളത്തിൻ്റെ അയൽ സംസ്ഥാനത്തിൽ നിന്ന് കപ്പലിൽ ഉള്ളത്. ഒരാൾ മാത്രമുള്ള ആന്ധ്രയിൽ നിന്നാണ് ഏറ്റവും കുറവ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് 48 പേരും കൊല്ലത്തു നിന്ന് 33 പേരും കപ്പലിൽ ഉണ്ട്. പത്തനംതിട്ട-23, ഇടുക്കി-14, കോട്ടയം-35, പാലക്കാട്-33, മലപ്പുറം-9, കോഴിക്കോട്-21, കണ്ണൂർ-39, കാസർഗോഡ്-10 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ള ആളുകളുടെ കണക്ക്. എറണാകുളം ജില്ലക്കാരായ 175 പേരാണ് കപ്പിൽ ഉള്ളത്.

pathram desk 2:
Leave a Comment