മുംബൈ: എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ചൈനയിലെ ഗാങ്‌സുവിലേക്ക് അടുത്തിടെ ചരക്കുവിമാനം പറത്തിയ പൈലറ്റുമാര്‍ക്കാണു വൈറസ് ബാധയേറ്റത്. ലോക്ഡൗണിനു ശേഷവും രാജ്യാന്തര തലത്തില്‍ ചരക്ക് വിമാനങ്ങളുടെ സേവനം എയര്‍ ഇന്ത്യ തുടരുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനായി ഏപ്രില്‍ 18ന് ഗാങ്‌സുവിലേക്ക് എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം പറത്തിയിരുന്നു. ഷാങ്ഹായിലേക്കും ഹോങ്കോങ്ങിലേക്കും ചരക്ക് വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ നടത്തി.
അതേസമയം, ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വിവരം വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാരെ ആശങ്കയിലാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ന്യൂയോര്‍ക്ക് നഗരത്തിലേക്കുള്‍പ്പെടെ എയര്‍ ഇന്ത്യ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പോകുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി പോകുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ പുറപ്പെടുന്നതിന് മുന്‍പും തിരിച്ചെത്തിയ ശേഷവും സ്രവ പരിശോധന നടത്തേണ്ടതുണ്ട്.
ജോലിക്കു ശേഷം പരിശോധനാ ഫലം വരുന്നതുവരെ ഇവര്‍ ഹോട്ടലിലാണു താമസിക്കുക. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ ഇവരെ വീട്ടിലെത്തിക്കും. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഇതും നെഗറ്റീവ് ആയി രോഗ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കില്‍ ഇവര്‍ക്കു വീണ്ടും ജോലിയുടെ ഭാഗമാകാം. പിപിഇ കിറ്റുകള്‍ ധരിച്ച ശേഷമാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്.
Leave a Comment