യുവാക്കളുടെ ഹരമായ യുകെ ഫാഷന്‍ ബ്രാൻഡ് എഎസ്ഒഎസ് റിലയന്‍സ് ഇന്ത്യയിൽ എത്തിക്കുന്നു

മുംബൈ: ലോകോത്തര ഫാഷന്‍ ഇന്ത്യൻ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന റിലയന്‍സ് റീട്ടെയ്‌ലിന്റെ പദ്ധതിയില്‍ പുതിയ നാഴികക്കല്ല്. അതിവേഗവളര്‍ച്ചയ്ക്ക് പേരുകേട്ട യുകെയിലെ വിഖ്യാത ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ എഎസ്ഒഎസി(ASOS)നെയാണ് രാജ്യത്തെ പ്രമുഖ റീട്ടെയ്‌ലറായ റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. രാജ്യത്തെ ഫാഷന്‍ രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ ശേഷിയുള്ള പങ്കാളിത്തമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

20കളിലുള്ളവരുടെ ഫാഷന്‍ അഭിരുചികളെ സംതൃപ്തിപ്പെടുത്തുന്ന എഎസ്ഒഎസ് യുകെയില്‍ യുവതലമുറയുടെ ഹരമാണ്. ഇത്തരമൊരു ലോകോത്തര ബ്രാന്‍ഡിനെ ബഹുതലഫോര്‍മാറ്റില്‍ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. ഓണ്‍ലൈനായും ഓഫ്‌ലൈനായും എഎസ്ഒഎസിന്റെ ഇന്ത്യയിലെ എക്‌സ്‌ക്ലൂസിവ് പാര്‍ട്ണറായിരിക്കും റിലയന്‍സ് റീട്ടെയ്ല്‍. എഎസ്ഒഎസ് ബ്രാന്‍ഡുകളുടെ എക്‌സ്‌ക്ലൂസിവ് സ്‌റ്റോറുകള്‍ക്ക് പുറമ മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളിലും ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും.

ആദ്യമായാണ് എഎസ്ഒഎസ് ഒരു ഇന്ത്യന്‍ കമ്പനിയുമായി എക്‌സ്‌ക്ലൂസിവ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്. ആഗോള ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം അതിവേഗം സഞ്ചരിക്കാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും.

‘ഞങ്ങളുടെ ഫാഷന്‍ കുടുംബത്തിലേക്ക് എഎസ്ഒഎസിനെ സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷവും ആവേശവുമുണ്ട്. ആഗോള ട്രെന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് വളരെ വേഗം എത്തിക്കുന്നതിന് ഇത് സഹായിക്കും. ഇന്ത്യയിലെ പ്രീമിയര്‍ റീട്ടെയ്ല്‍ ഡെസ്റ്റിനേഷനെന്ന നിലയില്‍ ഞങ്ങളുടെ സ്ഥാപനം ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ പങ്കാളിത്തം. ഉപഭോക്താക്കള്‍ക്ക് അത്യാധുനിക, ഉന്നതഗുണനിലവാരത്തിലുള്ള ഫാഷന്‍ സ്റ്റൈലുകള്‍ അവരുടെ ആഗ്രഹത്തിനനുസരിച്ച് ലഭ്യമാകുന്നു എന്നത് ഞങ്ങള്‍ ഉറപ്പുവരുത്തുന്നു,” റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്റ്റര്‍ ഇഷ അംബാനി പറഞ്ഞു.

2000ത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എഎസ്ഒഎസിന്റെ ആസ്ഥാനം ലണ്ടനാണ്. 1000ത്തോളം ബ്രാന്‍ഡുകളാണ് എഎസ്ഒഎസ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നത്, ഒപ്പം അവരുടെ സ്വന്തം ഉല്‍പ്പന്നങ്ങളുമുണ്ട്. യുഎസിലേക്കും യൂറോപ്പിലേക്കും ഉള്‍പ്പടെ 100ലധികം രാജ്യങ്ങളിലേക്ക് എഎസ്ഒഎസ് ബ്രാന്‍ഡുകള്‍ എത്തുന്നുണ്ട്.

pathram desk 2:
Leave a Comment