ബാർസിലോന സൂപ്പർ താരങ്ങൾ രണ്ടുമാസത്തെ ലോക്ഡൗൺ കഴിഞ്ഞ് ആദ്യമായി ഇന്നലെ കളത്തിലിറങ്ങി. ലയണൽ മെസ്സി, ലൂയി സ്വാരെസ്, ജെറാർദ് പിക്വെ, സാമുവൽ ഉംറ്റിറ്റി, ജൂനിയർ ഫിർപോ, തുടങ്ങിയവരാണ് വീണ്ടും ബൂട്ടനിഞ്ഞത്. എന്നാല് ബാർസിലോനയുടെ ജോവാൻ ഗാംപർ പരിശീലന മൈതാനത്തു വ്യക്തിഗത പരിശീലനത്തിന് ഇറങ്ങിയ താരങ്ങളിലാരും പരസ്പരം പന്തു പാസ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കളികൾക്കൊന്നും മുതിർന്നില്ല.
ട്രെയിനിങ് വേഷം ധരിച്ചു നേരിട്ടു ഗ്രൗണ്ടിലേക്കെത്തിയ താരങ്ങൾ വേഷം മാറുന്ന മുറിയിലേക്കും പോയില്ല. മെസ്സിയും സ്വാരെസും ഉൾപ്പെടെയുള്ളവർ സ്വയം പരിശീലനത്തിനു മുതിരുകയാണു ചെയ്തത്. രണ്ടുമാസത്തെ വീട്ടിലിരിപ്പ് മൂലം ശരീരത്തിനുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്ന വ്യായാമമുറകളാണ് ഇപ്പോൾ പരിശീലിക്കുന്നത്. അതിനിടെ, പരിശീലനത്തിനിടെ സാമുവൽ ഉംറ്റിറ്റിയുടെ കണങ്കാലിനു പരുക്കേറ്റതു ബാർസയ്ക്കു തിരിച്ചടിയാവുകയും ചെയ്തു. കുറെക്കാലമായി കാൽമുട്ടിനു പരുക്കുമൂലം ബുദ്ധിമുട്ടിലായ താരത്തിന് എത്ര കാലം വിശ്രമം വേണ്ടിവരുമെന്നതു വ്യക്തമല്ല.
ലാ ലിഗ ഫുട്ബോൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി സെവിയ്യ, വിയ്യാറയൽ, ഒസാസൂന, ലെഗാനസ് ടീമുകളും വ്യക്തിഗത പരിശീലനം ആരംഭിച്ചിട്ടുണ്ട്. റയൽ മഡ്രിഡ് നാളെ കളത്തിലെത്തുമെന്നു കരുതുന്നു.
റയൽ ബാസ്കറ്റ്ബോൾ ടീമിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ റയൽ ഫുട്ബോൾ ടീമും രണ്ടുമാസത്തോളമായി ക്വാറന്റീനിലായിരുന്നു. റയൽ ഫുട്ബോൾ താരങ്ങളിലാർക്കും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് പകുതിയോടെ കോവിഡ് മൂലം ലാ ലിഗ മത്സരങ്ങൾ ഇടയ്ക്കു വച്ചു നിർത്തുമ്പോൾ 27 കളിയിൽ 58 പോയിന്റുമായി ബാർസിലോനയാണ് ഒന്നാം സ്ഥാനത്ത്. റയലിന് ഇത്രയും കളിയിൽനിന്ന് 56 പോയിന്റുണ്ട്. എല്ലാ ടീമിനും ഇനി 11 മത്സരങ്ങൾ വീതം ബാക്കിയുണ്ട്.
Follow us- pathramonline
Leave a Comment