ഗുജറാത്തിൽ നിന്ന് കേരളത്തിലേക്ക് ആദ്യ ട്രെയിൻ ചൊവ്വാഴ്ച യാത്രതിരിക്കും

ഗുജറാത്തിൽ നിന്നു മലയാളികളുമായി ആദ്യ ട്രെയിൻ ചൊവ്വാഴ്ച പുറപ്പെടും. സബർമതി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച കേരളത്തിലെത്തും.
കൂടാതെ ന്യൂഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവടങ്ങളിൽനിന്നു കേരളത്തിലേക്കു പ്രത്യേക ട്രെയിൻ ഓടിക്കാൻ കേരളം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ വൈകാതെ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണു സൂചന.

അതേസമയം അഹമ്മദാബാദ് റെഡ് സോണിലായതിനാലാണു സബർമതി സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടുന്നത്. യാത്രക്കാരുടെ ആരോഗ്യ പരിശോധന ഗുജറാത്ത് സർക്കാർ നടത്തും. 740 രൂപയാണു ടിക്കറ്റ് നിരക്ക്. ഇത് കേരളം വഹിക്കുമോയെന്നു വ്യക്തമല്ല. ട്രെയിന്റെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും. അയ്യായിരത്തിലധികം പേരാണു ഗുജറാത്തിൽ നിന്നു കേരളത്തിലേക്കു മടങ്ങാനായി നോർക്കയിൽ പേര് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

മലയാളികൾക്കായി പ്രത്യേക ട്രെയിനോടിക്കാൻ കേരളം അഭ്യർഥന നടത്തിയെങ്കിലും പലയിടത്തുനിന്നും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. ഓരോ സംസ്ഥാനത്തിനും പ്രത്യേക കത്ത് നൽകാൻ മുഖ്യമന്ത്രി തയാറാകണമെന്നു അവിടങ്ങളിൽ കുടുങ്ങിയിരിക്കുന്ന മലയാളികൾ പറയുന്നു.

വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ കണ്ടെത്തി റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ അതത് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണ്. അവിടുത്തെ പൊലീസും ഗതാഗത വകുപ്പും ചേർന്നാണു ഇതു ക്രമീകരിക്കേണ്ടത്. എന്നാൽ എല്ലായിടത്തും കോവി‍ഡ് ബാധിതരുള്ളതിനാൽ മലയാളികളെ കണ്ടെത്തി കൊണ്ടുവരാൻ എത്ര സംസ്ഥാനങ്ങൾ തയാറാകുമെന്നു കണ്ടറിയണം.

ഈ പ്രതിസന്ധി പരിഹരിക്കാൻ ഒാരോ സ്ഥലത്തേയും മലയാളി സംഘടനകൾ ആ ദൗത്യം ഏറ്റെടുക്കണം. വാഹന സൗകര്യമില്ലാത്തവർക്കു അത് ഏർപ്പെടുത്തി അവരെ സ്റ്റേഷനിലെത്തിക്കണം. മുഖ്യമന്ത്രി വൈകിട്ടുളള വാർത്ത സമ്മേളനത്തിൽ അഭ്യർഥന നടത്തിയാൽ വിവിധ സംസ്ഥാനങ്ങളിലെ മലയാളി കൂട്ടായ്മകൾ ഇതിനായി മുന്നോട്ടു വരും. അവർക്കു ചെലവാകുന്ന പണത്തിൽ ഒരു പങ്ക് സംസ്ഥാനം വഹിക്കാമെന്നും ഉറപ്പു നൽകണം. മലയാളികൾ കുടുങ്ങിയിരിക്കുന്ന ചില സ്ഥലങ്ങൾ റെഡ് സോൺ പരിധിയിലായതിനാൽ വാഹന യാത്രയ്ക്കു പ്രത്യേക അനുമതി ആ സംസ്ഥാനങ്ങളിൽനിന്നു സംസ്ഥാന സർക്കാർ ഇടപെട്ട് വാങ്ങി കൊടുക്കേണ്ടി വരും.

ഇതര സംസ്ഥാന തൊഴിലാളികളുടെ സ്പെഷൽ ട്രെയിനുകൾ നോൺ സ്റ്റോപ്പായതിനാൽ കേരളത്തിലേക്കുള്ള ട്രെയിനുകൾക്കു കൂടുതൽ സ്റ്റോപ്പുകൾ ലഭ്യമാക്കുന്ന തരത്തിൽ പുതിയ മാർഗനിർദേശം പുറപ്പെടുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാകണം. എന്നാൽ മാത്രമേ ഒരു സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ യാത്രക്കാരെ കയറ്റി കൊണ്ടുവരാൻ സാധിക്കൂ. യാത്രയ്ക്കു മുമ്പു മലയാളികളുടെ ആരോഗ്യ സ്ക്രീനിങ് സംസ്ഥാനങ്ങൾ നടത്തുമോയെന്നു വ്യക്തമല്ല.

മലയാളി സംഘടനകൾ ഇത് ഏറ്റെടുക്കുകയോ യാത്രക്കാർ കേരളത്തിലെത്തുമ്പോൾ റെയിൽവേ സ്റ്റേഷനുകളിൽ ഇവരുടെ പരിശോധന ഉറപ്പാക്കുകയോ വേണം. തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം ഒഎൻജിസിയിലെ ജോലിക്കാർക്കായി കേരളത്തിലേക്കു പ്രത്യേക ബസുകളോടിച്ചിരുന്നു. സമാന രീതിയിൽ തമിഴ്നാട്ടിലും കർണാടകയിലും കുടുങ്ങിയിരിക്കുന്നവർക്കായി പ്രത്യേക ബസ് ഓടിക്കാൻ സംസ്ഥാനം തയാറാകണം. യാത്രക്കാരെ അതിർത്തിയിൽ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കിയാൽ മതിയാകും.

Follow us …

Keywords- non-stop special trains to bring back stranded Keralites in other states

pathram desk 2:
Related Post
Leave a Comment