കായിക താരങ്ങളുടെ ഭാര്യമാരെ ‘ശല്യങ്ങളായി’ കാണുന്ന രീതിയുണ്ടെന്ന് സാനിയ മിര്‍സ, എന്നാല്‍ സ്റ്റാര്‍ക്കിനെ അഭിനന്ദിക്കും

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കായിക താരങ്ങളുടെ ഭാര്യമാരെ ‘ശല്യങ്ങളായി’ കാണുന്ന രീതിയുണ്ടെന്ന് ടെന്നിസ് താരം സാനിയ മിര്‍സ. കായിക താരങ്ങളായ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഭാര്യമാര്‍ ഉണ്ടെങ്കില്‍ അവരെ ശല്യങ്ങളായാണ് ആരാധകര്‍ കാണുക. കളിയില്‍ അവരുടെ പ്രകടനം മോശമാകുകകൂടി ചെയ്താല്‍ കുറ്റം മൊത്തം ഭാര്യമാര്‍ക്കാകുമെന്നും സാനിയ ചൂണ്ടിക്കാട്ടി. യുട്യൂബിലെ ‘ഡബിള്‍ ട്രബിള്‍’ എന്ന ഷോയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ജമീമ റോഡ്രിഗസ്, സ്മൃതി മന്ഥന എന്നിവരുമായി സംസാരിക്കുമ്പോഴാണ് സാനിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇക്കഴിഞ്ഞ വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിന്റെ സമയത്ത് ഓസ്‌ട്രേലിയന്‍ വനിതാ ടീമംഗമായ അലീസ ഹീലിയെ പ്രോത്സാഹിപ്പിക്കാന്‍ ഭര്‍ത്താവും പുരുഷ ക്രിക്കറ്റ് താരവുമായ മിച്ചല്‍ സ്റ്റാര്‍ക്ക് ദക്ഷിണാഫ്രിക്കന്‍! പര്യടനത്തിനിടെ ദീര്‍ഘദൂരം സഞ്ചരിച്ചെത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ ‘ഭാര്യയുടെ സാരിത്തുമ്പില്‍ പിടിച്ചു നടക്കുന്നയാള്‍’ എന്നായിരിക്കും പരിഹാസമെന്ന് സാനിയ ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല, സ്റ്റാര്‍ക്കിനെ അഭിനന്ദിക്കുകയും ചെയ്തു. ഇക്കാര്യവും മൂവര്‍ക്കുമിടയില്‍ ചര്‍ച്ചയായി. ചില സമയങ്ങളില്‍ സത്യം തുറന്നുപറയാന്‍ ഇത്തരം രസകരമായ വഴികളാണ് നല്ലതെന്ന് സാനിയ ചൂണ്ടിക്കാട്ടി.

‘പാതി തമാശയെന്ന നിലയ്ക്കാണ് ഞാന്‍ ആ ട്വീറ്റ് പോസ്റ്റ് ചെയ്തത്. അതിന്റെ സത്യാവസ്ഥ എനിക്കും അനുഷ്‌ക ശര്‍മയ്ക്കും (വിരാട് കോലിയുടെ ഭാര്യ) ശരിക്കു മനസ്സിലാകും. ഞങ്ങളുടെയൊക്കെ ഭര്‍ത്താക്കന്‍മാര്‍ കളത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അത് അവരുടെ മാത്രം മികവാണ്. പ്രകടനം മോശമായാല്‍ കുറ്റം ഞങ്ങള്‍ ഭാര്യമാരുടേതു മാത്രമാകും. ഇതെന്താണ് ഇങ്ങനെയെന്നു മാത്രം എനിക്കറിയില്ല’ – സാനിയ പറഞ്ഞു.

‘ഇപ്പോള്‍ നമ്മളിത് തമാശരൂപേണയാണ് പറയുന്നതെങ്കിലും ഇതിനു പിന്നില്‍ വളരെ ഗൗരവമുള്ളൊരു പ്രശ്‌നമുണ്ട്. സ്ത്രീകള്‍ക്ക് ഒരിക്കലും പുരുഷന്‍മാര്‍ക്കു പിന്നിലെ ശക്തിയാകാന്‍ കഴിയില്ലെന്നും അവര്‍ ശല്യക്കാരാണെന്നുമുള്ള പൊതു ധാരണയാണ് പ്രശ്‌നം. ഭാര്യയോ കാമുകിയോ ഒപ്പമുണ്ടെങ്കില്‍ അവര്‍ ഇടയ്ക്കിടെ കറങ്ങാന്‍ പോകും, ഇടയ്ക്ക് പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകും. ഇതെല്ലാം കളിക്കാരുടെ ശ്രദ്ധ തെറ്റിക്കുമെന്നാണ് ചിലര്‍ പറയുന്നത്. എന്തൊരു വിഡ്ഢിത്തമാണിത്’ – സാനിയ ചോദിച്ചു.

pathram:
Leave a Comment