കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയില്‍ നിന്നു പുറപ്പെട്ടു

അബുദാബി : കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയില്‍ നിന്നു പുറപ്പെട്ടു. ആരോഗ്യ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിങ് പാസുകള്‍ നല്‍കി. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് കരിപ്പൂരേക്കുള്ള വിമാനം വൈകിട്ട് 6.30നാണ് പുറപ്പെടുക. ഈ വിമാനത്തിലെ യാത്രക്കാരുടെ പരിശോധനയും തുടരുകയാണ്. 189 പേരാണ് ഈ വിമാനത്തിലുള്ളത്.

ഇന്നു ഉച്ചയ്ക്കാണ് രണ്ടു വിമാനങ്ങള്‍ യുഎഇയിലേക്ക് പുറപ്പെട്ടത്. നെടുമ്പാശേരിയില്‍നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. 177 പേരാണ് ഈ വിമാനത്തില്‍ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. ദുബായിയില്‍ എത്തിയശേഷം 189 പേരുമായി രാത്രി 10.30ന് കോഴിക്കോട് എത്തും.

വിമാനം അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. യാത്രക്കാര്‍ പൂരിപ്പിച്ചുനല്‍കേണ്ട സത്യവാങ്മൂലം ഉള്‍പ്പെടെ ഫോറങ്ങള്‍ ഈ വിമാനത്തില്‍ കൊടുത്തുവിട്ടു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേരകള്‍ ഒരുക്കിയിട്ടുണ്ട്. അനാവശ്യമായി തൊടാതിരിക്കാനായി ഹാന്‍ഡ് റെയിലുകള്‍, ക്യൂ മാനേജര്‍, കൗണ്ടറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ‘ടച്ച് മീ നോട്ട്’ അറിയിപ്പുകളും വച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യക്കാരെ തിരിച്ചുക്കൊണ്ടു വരുന്നതിനായി മാലദ്വീപിലേക്കു തിരിച്ച നാവികസേനാ കപ്പലും അവിടെയെത്തി. ഐഎന്‍എസ് ജലാശ്വ കപ്പലാണ് അവിടെയെത്തിയത്. വെള്ളിയാഴ്ചയാകും കപ്പല്‍ കൊച്ചിയിലേക്ക് തിരിക്കുകയെന്നാണു വിവരം. ഐഎന്‍എസ് മഗര്‍ എന്ന മറ്റൊരു കപ്പലും മാലദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഐഎന്‍എസ് ശ്രാദുല്‍ ദുബായിലേക്കു തിരിച്ചിട്ടുമുണ്ട്‌

pathram:
Related Post
Leave a Comment