മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകള്‍ അനുവദിക്കൂ.

ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് പറയുന്നത്. ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹയാണ് പാസുകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്.

വിദേശത്ത് നിന്ന് വരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന്റെ ചുമതലയും ഇതേ ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ബിശ്വനാഥ് സിന്‍ഹയുടെ തീരുമാനം.
അതേ സമയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരേണ്ടവര്‍ക്ക് കോവിഡ് ജാഗ്രത എന്ന വെബ്‌സൈറ്റ് വഴി പാസിന് ഇപ്പോഴും അപേക്ഷിക്കാം. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് ഇന്നലെ വൈകീട്ട് മുതല്‍ വാളായാര്‍ ചെക്‌പോസ്റ്റ് ഓപ്ഷന്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. വാളായറിലെ വന്‍തിരക്ക് കണക്കിലെടുത്താണിതെന്നാണ് സൂചന.

pathram:
Leave a Comment