74 വയസ്സുകാരന്റെ 15 ദിവസത്തെ ആശുപത്രി വാസത്തിന് അധികൃതര്‍ ബില്ലിട്ടത് 16 ലക്ഷം രൂപ

Elderly woman wearing light blue pajamas, lying in a hospital bed looking very weak

മുംബൈ: ജൂഹുവിലെ നാനാവതി ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കിടെ മരണമടഞ്ഞ 74 വയസ്സുകാരന്റെ 15 ദിവസത്തെ ആശുപത്രി വാസത്തിന് ആശുപത്രി അധികൃതര്‍ ബില്ലിട്ടത് 16 ലക്ഷം രൂപ. സാന്താക്രൂസ് നിവാസിയായ വയോധികന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ ആയ മകന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് അവസാനമായി മുഖം പോലും കാണാനായില്ല. കുടുംബം ക്വാറന്റീനില്‍ ആയതിനാല്‍ ആശുപത്രിയുമായുള്ള ആശയവിനിമയം ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ആയിരുന്നുവെന്ന് മകന്‍ പറഞ്ഞു.

പ്രവേശന സമയത്ത് 60,000 രൂപ അടച്ചിരുന്നു. പിന്നീട് ഓരോ ദിവസവും ബില്‍ കുതിച്ചുകൊണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് 3.4 ലക്ഷം രൂപ അടച്ചു. പിന്നീട് പണമെത്താതായപ്പോള്‍ ചികിത്സ നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണി മുഴക്കി ആശുപത്രിയുടെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് ഫോണ്‍ വന്നു. 8.6 ലക്ഷം രൂപ മരുന്ന് ഇനത്തിലാണ് കാണിച്ചിരിക്കുന്നത്. 2.8 ലക്ഷം രൂപ കോവിഡ് ചാര്‍ജ് ആയും ബില്ലില്‍ ഉണ്ട്. ഒടുവില്‍ പിതാവിന്റെ മരണ വാര്‍ത്ത അറിയിച്ചു.

തങ്ങള്‍ ക്വാറന്റീനില്‍ ആയതിനാല്‍ അവസാനമായി കാണാന്‍ പോലും കഴിയാതെ അന്ത്യയാത്ര. ശ്മശാനത്തിലേക്കുള്ള ആംബുലന്‍സും ആശുപത്രി തന്നെ ക്രമീകരിച്ചതാണ്. അതിനും 8,000 രൂപ ബില്ലിട്ടു. അതേസമയം ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. നേരത്തെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള രോഗിയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമായിരുന്നുവെന്നും ഇത്തരം കേസുകളില്‍ പ്രതിദിനം ശരാശരി ഒരു ലക്ഷം രൂപയെങ്കിലും ബില്‍ വരുമെന്നുമാണ് വിശദീകരണം.

pathram:
Related Post
Leave a Comment