മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. നാലു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലൂം രണ്ടു ലക്ഷം പേര്‍ക്കേ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാനാകൂ. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേരളത്തിന്റെ മാനദണ്ഡങ്ങള്‍ അംഗീകരിക്കാതെ കേന്ദ്രം കര്‍ശന ഉപാധികള്‍ വെച്ചതാണ് തിരിച്ചടിയായിരിക്കുന്നത്.

കേന്ദ്രപട്ടികയില്‍ രണ്ടുലക്ഷം പേര്‍ മാത്രമേ ഉള്ളൂ. ഇതോടെ അനേകം മലയാളികള്‍ കാത്തിരിക്കേണ്ടി വരും. രാജ്യത്തേക്ക് മടങ്ങാനാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത മലയാളികളുടെ എണ്ണം നാലു ലക്ഷമാണ് സംസ്ഥാനത്തിന്റെ കണക്ക്. എന്നാല്‍ 1,92,000 പേര്‍ക്കേ മടങ്ങാനാകൂ എന്നാണ് കേന്ദ്രം പറയുന്നത്. വിദേശത്ത് വിവിധ സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന അടിയന്തിര സ്വഭാവം ഉള്ളവര്‍ക്കാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നത്. കോവിഡിന് മുമ്പ് മുതല്‍ കുടുങ്ങിക്കിടക്കുന്നവര്‍, വിസാ കാലാവധി തീര്‍ന്നവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിങ്ങനെ അടിയന്തിര സാഹചര്യം ഉള്ളവരെ നാട്ടിലെത്തിക്കാന്‍ ആദ്യം പരിഗണിക്കുക. ബാക്കിയുള്ളവര്‍ക്ക് കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍.

ഇക്കാര്യത്തില്‍ കേന്ദ്രതലത്തിലുള്ള ഉന്നതതല ആലോചനകളും ചര്‍ച്ചകളും തുടരുകയാണ്. റജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ പ്രവാസികളുടെയും മടക്കം സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിമാരെ കേന്ദ്രം അറിയിച്ചിരുന്നു. എന്നിരുന്നാലും വിദേശത്ത് നിന്നും വരുന്നവരെ പാര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി സംസ്ഥാനം മതിയായ രീതിയില്‍ സൗകര്യം ചെയ്തിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കോഴിക്കോട്ട് ജില്ലയില്‍ മാത്രം 7000 പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ടോ എന്ന് ആശങ്ക ഉയരുന്നുണ്ട്. കോഴിക്കോട്ട് വിവിധ കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് എങ്കിലും ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ 800 പേര്‍ക്കുള്ളത് മാത്രമാണെന്ന് വിമര്‍ശനമുണ്ട്. മടങ്ങിയെത്തുന്നവരുടെ കാര്യത്തില്‍ എന്ത് സൗകര്യങ്ങള്‍ ചെയ്തു എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനോടും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

രോഗലക്ഷണം ഇല്ലാത്തവരെ വീടിനുള്ളില്‍ തന്നെ പാര്‍പ്പിക്കാനാണ് നിലവിലെ ധാരണ. പ്രവാസികള്‍ക്ക് സൗകര്യം ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ ഉണ്ടെങ്കിലൂം സര്‍ക്കാര്‍ ഇക്കാര്യം കാര്യമായി പരിഗണിച്ചിട്ടില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതിനിടയില്‍ ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരണമടഞ്ഞു. താനൂര്‍ സ്വദേശി സെയ്തലവിയും ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജേക്കബുമാണ് മരണമടഞ്ഞത്. അതിനിടയില്‍ പ്രവാസികളില്‍ ആദ്യസംഘം എത്തുന്നത് മാലദ്വീപില്‍ നിന്നുമായിരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ 200 പേരെയാണ് കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരുന്നത്. ഇവര്‍ 14 ദിവസം കൊച്ചിയില്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ പോകണമെന്നാണ് നിര്‍ദേശം.

pathram:
Related Post
Leave a Comment