അനുമതി ലഭിച്ചില്ല: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍ സ്‌റ്റേഷനുകളില്‍നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണു കാരണം.

കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍നിന്നു ബിഹാറിലേക്ക് 5574 അതിഥിത്തൊഴിലാളികളുമായി അഞ്ചു ട്രെയിനുകള്‍ ഇന്നലെ പുറപ്പെട്ടിരുന്നു. കണ്ണൂരില്‍ 1140 പേരുമായി സഹര്‍ഷ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ രാത്രി ഏഴരയോടെ പുറപ്പെട്ടു. കോഴിക്കോട്‌നിന്നും ബിഹാറിലെ കത്തിഹാറിലേക്കായിരുന്നു ഇന്നലെ സര്‍വീസ്. വടകര താലൂക്കിലെ തൊഴിലാളി ക്യാംപുകളില്‍നിന്നുള്ള 1090 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

തൃശൂരില്‍നിന്ന് ഞായറാഴ്ച വൈകിട്ട് 5.15നു ബിഹാറിലെ ദര്‍ഭംഗയിലേക്കു പുറപ്പെട്ട ട്രെയിനില്‍1143 തൊഴിലാളികളുണ്ട്. തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച് ബിഹാറില്‍ നിന്നുള്ള 3398 തൊഴിലാളികളാണു ജില്ലയിലുള്ളത്. എറണാകുളം ജില്ലയില്‍നിന്ന് ഇന്നലെ 2201 അതിഥിത്തൊഴിലാളികള്‍ ബിഹാറിലേക്കു മടങ്ങി. ബിഹാറിലെ ബറൂണിയിലേക്കുള്ള ട്രെയിന്‍ 1140 യാത്രക്കാരുമായി ഉച്ചയ്ക്കു 3 മണിയോടെ പുറപ്പെട്ടു. രണ്ടാമത്തെ ട്രെയിന്‍ ആറരയോടെ മുസഫര്‍പുരിലേക്കാണു പോയി. ജില്ലയില്‍നിന്നു 3 ദിവസങ്ങളിലായി 5513 തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കു മടങ്ങി.

pathram:
Related Post
Leave a Comment