തിരുവനന്തപുരം: സംസ്ഥാനത്തു സമൂഹ വ്യാപന ഭീഷണി ഒഴിവായി എന്നു പറയാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗചികില്‍സയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയുള്ള സമീപനമാണ് ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചത്. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ അപകടനില തരണം ചെയ്തു എന്നു പറയാനാകില്ല. സമൂഹ വ്യാപനം എന്ന ഭീഷണി ഒഴിവായി എന്നും പറയാന്‍ സാധിക്കില്ല– മുഖ്യമന്ത്രി പറഞ്ഞു.
ഇനിയും നല്ല ജാഗ്രത വേണം. പ്രതിരോധ പ്രവര്‍ത്തനത്തില്‍ നമ്മുടെ സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടിവന്നു. സ്വാഭാവികമായ ജനജീവിതം എത്രത്തോളം അനുവദിക്കാം എന്നാണു സര്‍ക്കാര്‍ പരിശോധിക്കുന്നത്. സംസ്ഥാനത്തിനു പുറത്തു വലിയ പ്രവാസി സമൂഹമാണുള്ളത്. അവരുടെ നാടുകൂടിയാണ് ഇത് എന്നു കണക്കിലെടുത്ത് അവരെ കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏര്‍പ്പെടുത്തേണ്ടതുണ്ട്. അപ്പോള്‍ രോഗവ്യാപനം ഇല്ലാതിരിക്കാന്‍ ജാഗ്രതയും പുലര്‍ത്തണം.
ഓരോ പ്രദേശത്തിനും അതിന്റേതായ ചില സവിശേഷതകളുണ്ടാകും. ആ സവിശേഷതയ്ക്ക് അനുസരിച്ച് ചില മാറ്റങ്ങള്‍ വേണ്ടിവരാം. ഇക്കാര്യങ്ങള്‍ ആവശ്യമെങ്കില്‍ ജില്ലാ കലക്ടര്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെ അറിയിക്കണം. സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറി നേതൃത്വം കൊടുത്ത്, ആഭ്യന്തര ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ, തദ്ദേശ, ആരോഗ്യ, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊലീസ് മേധാവി– ഇവരെല്ലാം അടങ്ങുന്നൊരു സമിതിയുണ്ട്. അവര്‍ പരിശോധിച്ച് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
KEY WORDS: cm-pinarayi-vijayan-pressmeet-over-covid latest news, kerala, covid, corona, green zone
Leave a Comment