അഭ്യൂഹങ്ങള്‍ക്ക് വിട: കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍

ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍. ദ് കൊറിയന്‍ സെന്‍ട്രന്‍ ന്യൂസ് ഏജന്‍സിയാണ് (കെസിഎന്‍എ) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സന്‍ചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന.

കഴിഞ്ഞ രണ്ടാഴ്ചയിലേറേയായി കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പരക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊതുവേദിയിലെ പ്രത്യക്ഷപ്പെടല്‍. വെള്ളിയാഴ്ച നടന്ന പരിപാടിയിലേക്ക് കിം വന്നപ്പോള്‍ പങ്കെടുത്തവരെല്ലാം ആഹ്ലാദത്തോടെ ഹര്‍ഷാരവം മുഴക്കിയെന്നു കെസിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. കിം വള ഫാക്ടറി പരിശോധിക്കുകയും ഉല്‍പാദന പ്രക്രിയകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ആധുനിക ഫോസ്ഫറ്റിക് വളം ഫാക്ടറി നിര്‍മിച്ചുവന്ന വാര്‍ത്ത കേട്ടാല്‍ തന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങ്ങും പിതാവ് കിം ജോങ് ഇല്ലും വളരെയധികം സന്തോഷിക്കുമെന്ന് കിം വൈകാരികമായി പ്രതികരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിമ്മിന്റെ സഹോദരി കിം യോ ജാങ് ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിന്റെ ചിത്രങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഏപ്രില്‍ 15ന് , മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇല്‍ സുങ്ങിന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ കിമ്മിനെ കാണാതിരുന്നതു ചൂണ്ടിക്കാട്ടി ക്ഷിണ കൊറിയയിലെ ഓണ്‍ലൈന്‍ പത്രം ‘ഡെയ്‌ലി എന്‍കെ’യാണ് കിമ്മിന്റെ നില അതീവഗുരുതരമാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചെന്നും വരെയുള്ള കാര്യങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 11ന് വ്യോമതാവളം സന്ദര്‍ശിച്ചു യുദ്ധവിമാന പരിശീലനം കണ്ടയാള്‍ 15നു സുപ്രധാന ചടങ്ങിനു വരാതിരുന്നതിനു പിന്നില്‍ ആരോഗ്യപ്രശ്‌നങ്ങളാണെന്നായിരുന്നു ‘ഡെയ്‌ലി എന്‍കെ’ വാദം.

എന്നാല്‍ ഇക്കാര്യം ദക്ഷിണ കൊറിയയും ചൈനയും തള്ളിയിരുന്നു. കിം പൊതുവേദിയില്‍ വരാത്തത് കോവിഡ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലാകാമെന്ന് ദക്ഷിണ കൊറിയന്‍ മന്ത്രി പറഞ്ഞിരുന്നു. മുത്തച്ഛന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ കിം പങ്കെടുക്കാത്തതും ഇതുകൊണ്ടാകുമെന്നാണു ദക്ഷിണ കൊറിയന്‍ മന്ത്രി കിം യൂണ്‍ ചുള്‍ പറഞ്ഞത്. എനിക്ക് കിമ്മിന്റെ ആരോഗ്യത്തെപ്പറ്റി നന്നായി അറിയാം, പക്ഷേ ഞാന്‍ ഒന്നും പറയില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

pathram:
Leave a Comment