ഡല്‍ഹി: കോവിഡ് ഭീഷണിക്കിടെ വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികളെ രണ്ടു ഘട്ടമായി തിരികെയെത്തിക്കാന്‍ കേന്ദ്രപദ്ധതി. ഗള്‍ഫ് മേഖലയില്‍നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ളവരെ ആദ്യഘട്ടത്തില്‍ കൊണ്ടുവരും. രണ്ടാം ഘട്ടത്തില്‍ യു.എസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ ഇന്ത്യയിലെത്തിക്കും. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.
ഗള്‍ഫില്‍നിന്നുള്ളവരുടെ വിവരശേഖരണം ഇന്ത്യന്‍ എംബസികളിലൂടെ പൂര്‍ത്തിയായെന്നാണു സൂചന. പേര്, വിസാ കാലാവധി, ജോലി, ഇന്ത്യയിലെ വീട്ടുവിവരങ്ങള്‍, മടങ്ങാനുള്ള കാരണം, കോവിഡ് പരിശോധനാ ഫലം തുടങ്ങി 21 വിവരങ്ങളാണ് രജിസ്‌ട്രേഷനു വേണ്ടത്. സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയാമെന്ന സത്യവാങ്മൂലവും നല്‍കണം.
ഗര്‍ഭിണികള്‍, കോവിഡ് ബാധിതരല്ലാത്ത രോഗികള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാകും മുന്‍ഗണനാക്രമം.സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ എംബസികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താം. യു.എ.ഇയില്‍ എംബസി വെബ്‌സൈറ്റ് തകരാറിലായതിനാല്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കുവൈത്തില്‍ ഔദ്യോഗിക രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടില്ല. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ മൂന്നരലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലേറെയും യു.എ.ഇയിലുള്ളവരാണ്.പ്രവാസികളെ തിരിച്ചെത്തിക്കാനായി നാവികസേനാ കപ്പലുകളും എയര്‍ഇന്ത്യയുടെ വിമാനങ്ങളും ഉപയോഗിക്കാനാണു ശ്രമം. സ്വകാര്യ കപ്പല്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതു പരിഗണനയിലുണ്ട്.
വിദേശത്തു തീരമേഖലയില്‍ കുടുങ്ങിയവരെ കപ്പലുകളില്‍ കൊണ്ടുവരും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതോടെ ലാന്‍ഡിങ് പ്ലാറ്റ്‌ഫോം വിഭാഗത്തില്‍പ്പെട്ട ഐ.എന്‍.എസ്. ജലാശ്വയും ടാങ്ക് ലാന്‍ഡിങ് പ്ലാറ്റ്‌ഫോം വിഭാഗത്തില്‍പ്പെട്ട മറ്റു രണ്ടു കപ്പലുകളും നാവികസേന ഇതിനായി സജ്ജമാക്കിക്കഴിഞ്ഞു. തീരമേഖലയ്ക്കപ്പുറത്തു കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ഉപയോഗിക്കും.
Leave a Comment