യുഎസില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്രയ്ക്കായി കാത്തിരിക്കുന്നത് നിരവധി പേര്‍..

നാല് മില്യന്‍ ഇന്ത്യന്‍ വംശജരായ യുഎസ് പൗരന്മാര്‍ യുഎസില്‍ ഉണ്ടെന്നാണു കണക്ക്. ഒരു മില്യന്‍ ഇന്ത്യക്കാര്‍ തൊഴില്‍ വീസ ഉപയോഗിച്ച് യുഎസില്‍ ജോലി ചെയ്യുന്നു. 2,00,000 ഇന്ത്യക്കാര്‍ യുഎസില്‍ പഠനം നടത്തുന്നു. ഏപ്രില്‍ 27 വരെ 2,468 ഇന്ത്യക്കാരെ ചൈന, ഇറാന്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണു കണക്ക്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും ലോക്ഡൗണിന് മുന്‍പായിരുന്നു. 72 വിദേശരാജ്യങ്ങളിലുള്ള 58,000ത്തില്‍ അധികം ഇന്ത്യക്കാര്‍ക്ക് പുനരധിവാസത്തിനുള്ള സൗകര്യങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടു ലഭ്യമാക്കി. ഇന്ത്യയില്‍ ലോക്ഡൗണ്‍ ഉള്ളിടത്തോളംകാലം പൗരന്മാരെ രാജ്യത്തേക്കു കൊണ്ടുവരാന്‍ സാധിക്കില്ല.

ബെംഗളൂരുവിലെ ബിന്ദു മഞ്ജുനാഥിന് രണ്ട് വര്‍ഷം മുന്‍പാണ് സ്‌റ്റേജ് ഫോര്‍ ലിവര്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. രണ്ട് പ്രധാന ശസ്ത്രക്രിയകളും ചികിത്സയും ഇതിനകം നടത്തി. ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനു മുന്‍പ് ഡോക്ടറുടെ അനുമതി വാങ്ങിയ ശേഷം യുഎസിലെ കലിഫോര്‍ണിയയില്‍ മകളെയും കൊച്ചുമകനെയും കാണാനെത്തിയതാണ് ബിന്ദു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുഎസില്‍ കുടുങ്ങി. ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ശേഷം കിമോ തെറപ്പിയുടെ ആറ് സെഷനുകളും ഒരു ശസ്ത്രക്രിയയും ബിന്ദുവിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ‘യുഎസിലേക്കു പോകും മുന്‍പ് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയതാണ്. എന്റെയുള്ളില്‍ ഒരു ചെറിയ ട്യൂമര്‍ കൂടിയുണ്ട്. തിരിച്ച് ഇന്ത്യയിലെത്തിയിട്ടു വേണം ചികിത്സ തുടരാന്‍. യുഎസില്‍ ചികിത്സിച്ചാല്‍ കുടുംബത്തിന് അതു വലിയ ബാധ്യതയാകും’– ബിന്ദു മഞ്ജുനാഥ് പറഞ്ഞു.

യുഎസില്‍ കുടുങ്ങി നിരവധി പേര്‍

യുഎസിലുള്ള ഭാര്‍ഗവി പഞ്ചാംഗത്തിന്റെ അമ്മ ജയലക്ഷ്മി കഴിഞ്ഞ ജനുവരിയിലാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെത്തിയത്. നാലു മാസം പ്രായമുള്ള കൊച്ചുമകളെ നോക്കാനാണ് ഇവര്‍ യുഎസിലെത്തിയത്. മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയിലേക്കു മടങ്ങാനായിരുന്നു ജയലക്ഷ്മി തീരുമാനിച്ചിരുന്നത്. കോവിഡ് ഭീഷണിയുള്ളതിനാല്‍ അമ്മ യുഎസില്‍ തന്നെ തുടരുകയാണെന്ന് ജയലക്ഷ്മിയുടെ മകള്‍ രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു. എന്നാല്‍ ലോക്ഡ!ൗണിനിടെ ഇന്ത്യയിലുള്ള ജയലക്ഷ്മിയുടെ ഭര്‍ത്താവിന് സ്‌ട്രോക്ക് ഉണ്ടായി. ആറു ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു.

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കാ!യി ഇന്ത്യയിലേക്കു മടങ്ങാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ‘സ്വകാര്യ ജെറ്റില്‍ ഇന്ത്യയിലേക്കു പോകണമെങ്കില്‍ ഒരാള്‍ക്ക് 70,000 ഡോളറാണു ചെലവ്. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് കാര്‍ഗോ വിമാനത്തില്‍ ഇന്ത്യയിലേക്കു മടങ്ങുന്ന കാര്യം ആലോചിച്ചെങ്കിലും അതും നടക്കില്ലെന്നായിരുന്നു മറുപടി. ഞാന്‍ സാഹചര്യത്തോട് പൊരുത്തപ്പെട്ടുവരികയാണ്. പക്ഷേ എന്റെ അമ്മയുടെ അവസ്ഥ അതിദാരുണമാണ്– ഭാര്‍ഗവി പഞ്ചാംഗം ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.

യുഎസില്‍ കുടുങ്ങിക്കിടക്കുന്നവര്‍ നിയമ ലംഘകരാകുന്ന സാഹചര്യവും നിലവിലുണ്ട്. ടെക്‌സാസ് എഎം യുണിവേഴ്‌സിറ്റിയില്‍ നിന്ന് 2016ല്‍ പഠനം പൂര്‍ത്തിയാക്കിയ ദിവ്യയുടെ (നിയമ പ്രശ്‌നമുള്ളതിനാല്‍ ശരിയായ പേര് പുറത്തുവിടാന്‍ അവര്‍ തയാറായില്ല) ജീവിതം അങ്ങനെയൊരു ഉദാഹരണമാണ്. പഠനത്തിന് ശേഷം എച്ച് വണ്‍ ബി വീസ പ്രകാരം അറ്റ്‌ലാന്റയില്‍ ബിഗ് ഡേറ്റ ഡവലപ്പറായി ദിവ്യയ്ക്ക് ജോലി ലഭിച്ചു. മാര്‍ച്ച് 23ന് കമ്പനിയുടെ വീസ നീട്ടാനുള്ള ശ്രമം പരാജയപ്പെട്ടതായി ദിവ്യയ്ക്ക് ഇ– മെയില്‍ ലഭിച്ചു. രാജ്യം വിടാനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചെങ്കിലും ലോക്ഡൗണ്‍ വന്നതോടെ അവര്‍ യുഎസില്‍ കുടുങ്ങി.

തൊഴിലും ആരോഗ്യ ഇന്‍ഷുറന്‍സും ഒന്നുമില്ലെന്നും സുഹൃത്തുക്കളുടെ കൂടെയാണ് ഇപ്പോള്‍ താമസിക്കുന്നത്. വിദ്യാഭ്യാസ വായ്പപോലും അടയ്ക്കാതെ കിടക്കുകയാണ്– അവര്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കു പ്രത്യേക പരിഗണന നല്‍കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് വക്താവ് പ്രതികരിച്ചു. ഇന്ത്യയില്‍ ലോക്ഡൗണിന്റെ രണ്ടാം ഘട്ടം അവസാനിക്കുന്നത് മേയ് മൂന്നിനാണ്. അതിന് ശേഷം രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരെയെങ്കിലും തിരികെ കൊണ്ടുപോകുമെന്നാണു കരുതുന്നതെന്ന് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് രൂപീകരിച്ചവരിലൊരാളായ മൈക്കല്‍ ഖന്ന പറഞ്ഞു.

pathram:
Related Post
Leave a Comment