ശമ്പളം പിടിക്കാന്‍ പുതിയ വഴിയൊരുക്കി പിണറായി സര്‍ക്കാര്‍; ഓര്‍ഡിനന്‍സ് ഇറക്കിയശേഷം മാത്രം ഈമാസത്തെ ശമ്പളം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ദുരന്ത നിവാരണ നിയമപ്രകാരണമാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് അവ്യക്തം, സാമ്പത്തീക പ്രതിസന്ധി മതിയായ കാരണമല്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തി ശമ്പളം പിടിക്കുന്നതിന് സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

ഓര്‍ഡിനന്‍സ് പ്രകാരം ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നേരത്തേ അഞ്ചു മാസം കൊണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പ്രതിമാസത്തവണയായി പിടിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിക്കുകയും ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി പറഞ്ഞിരുന്നു. സര്‍ക്കാരിന്റ ഉത്തരവ് രണ്ടു മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ഉണ്ടായി. ഇതോടെയാണ് നിയമതടസ്സം മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

കേരള ഡിസാസ്റ്റര്‍ ആന്റ് പബ്‌ളിക് എമര്‍ജന്‍സി എന്ന നിയമത്തിന് കീഴിലാണ് ഓര്‍ഡിനന്‍സ്. ഈ നിയമപ്രകാരം ദുരന്തം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 25 ശതമാനം വരെ പിടിക്കാനാകും. ശമ്പളം തിരിച്ചു നല്‍കുന്നത് ആറു മാസത്തിനകം തീരുമാനിച്ചാല്‍ മതിയാകും. ഇതോടെ ഈ മാസത്തെ ശമ്പളം താമസിക്കുമെന്നും ഉറപ്പായി. ഗവര്‍ണര്‍ ഒപ്പിടുന്നത് ഉള്‍പ്പെടെ ഓര്‍ഡിനന്‍സ് നടപടിക്രമം പൂര്‍ത്തിയായ ശേഷമേ ഈ മാസത്തെ ശമ്പളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കൂ. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

Read aslo: മുസ്ലീങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന് ബിജെപി

കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവു ഹൈക്കോടതി 2 മാസത്തേക്കു സ്‌റ്റേ ചെയ്തിരുന്നു. ശമ്പളം ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണെന്നു കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിനു പ്രഥമദൃഷ്ട്യാ നിയമ പിന്‍ബലമില്ലെന്നു കുറ്റപ്പെടുത്തി. കേസ് മേയ് 20ലേക്കു മാറ്റി.

വിവിധ വകുപ്പുകളിലെ ജീവനക്കാരും സംഘടനകളും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചാണു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഇടക്കാല ഉത്തരവ്. ശമ്പളം പിടിച്ചുവയ്ക്കുന്നതു ഭരണഘടന പൗരന് അനുവദിച്ചിട്ടുള്ള സ്വത്ത് ആര്‍ജിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു കോടതി വിലയിരുത്തി. പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിന്റെയും ദുരന്ത കൈകാര്യ നിയമത്തിന്റെയും അടിസ്ഥാനത്തിലാണു നടപടിയെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.

കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ റേഷന്‍, ഭക്ഷ്യസാമഗ്രികള്‍, സഹായധന വിതരണം എന്നിവയ്ക്കും ക്ഷേമ, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി 8000 കോടി ചെലവിട്ടെന്നും ഇനിയും കോടികള്‍ വേണമെന്നും വരുമാനം നിലച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ ദുരന്ത കൈകാര്യ നിയമ വ്യവസ്ഥകള്‍ ദുരന്ത കാലത്തു ശമ്പളം പിടിച്ചുവയ്ക്കാനുള്ള അധികാരം സര്‍ക്കാരിനു നല്‍കുന്നില്ലെന്നു കോടതി വ്യക്തമാക്കി. മേല്‍പറഞ്ഞ 2 നിയമങ്ങളിലും സര്‍ക്കാര്‍ നടപടിക്കു ന്യായീകരണം കാണാനാകുന്നില്ലെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പളം പിടിക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

pathram:
Leave a Comment