ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ലോക്ക്ഡൗണ്‍ കാലത്ത് നടപ്പിലാക്കാനാകുമോ..? കേന്ദ്രത്തോട് സുപ്രീം കോടതി

ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വേഗം നടപ്പാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. താത്കാലികമായി നടപ്പിലാക്കുന്ന കാര്യമാണ് സുപ്രിംകോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. ഇരുപത് സംസ്ഥാനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തില്‍ ഉടന്‍ നടപ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഹര്‍ജിയില്‍ ഇടപെടുന്നില്ല. എന്നാല്‍, ഹര്‍ജിയിലെ ആവശ്യത്തിന്റെ സാധുത കേന്ദ്രം പരിശോധിക്കണമെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ സഞ്ജയ് കിഷന്‍ കൗള്‍, ബി ആര്‍ ഗവായ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. ‘ ഈ അവസ്ഥയില്‍ പദ്ധതി നടപ്പിലാക്കാന്‍ പറ്റുമോ ഇല്ലയോ എന്നത് പരിഗണിക്കാന്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. കൂടാതെ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഒരു ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുക്കേണ്ടതാണ്’ എന്ന് ബെഞ്ച്.

അഡ്വ. റീപക്ക് കന്‍സല്‍ നല്‍കിയ ഹര്‍ജിമേലാണ് സുപ്രിംകോടതി ഇക്കാര്യം കേന്ദ്രത്തോട് ചോദിച്ചത്. പദ്ധതി ഇപ്പോള്‍ ആരംഭിക്കുകയാണെങ്കില്‍ ലോക്ക് ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുകിടക്കുന്ന മറ്റ് ആളുകള്‍ക്കും ഇത് ഉപകാരപ്രദമായിരിക്കും എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

pathram:
Related Post
Leave a Comment