സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്; മലബാറില്‍ കുറഞ്ഞു; കൂടുതല്‍ പേര്‍ ഇടുക്കിയില്‍…; കേരളത്തില്‍ ഗ്രീന്‍ സോണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ച നാലു പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും രണ്ടു പേര്‍ വിദേശത്തുനിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് നാലു പേര്‍ക്കാണ്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. 23876 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 148 പേര്‍ ആശുപത്രിയിലെത്തി. ഇതുവരെ 21334 സാംപിളുകള്‍ പരിശോധിച്ചു. 20326 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. കണ്ണൂരില്‍ നിരീക്ഷണത്തില്‍ 2592 പേര്‍ ഉണ്ട്. കാസര്‍കോട് 3126 പേര്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് 2770, മലപ്പുറം 2465 എന്നിങ്ങനെയും ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഈ നാലു ജില്ലകള്‍ ഒഴികെയുള്ള 10 ജില്ലകളും ഓറഞ്ച് സോണിലാകും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും ഇപ്പോഴുള്ള പോലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

നേരത്തേ പോസിറ്റീവ് കേസുകളില്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍പെടുത്തി ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഇവിടങ്ങളില്‍ പുതിയ കേസുകളുണ്ട്. അതുകൊണ്ടുതന്നെ അവരെ ഗ്രീന്‍ സോണുകളില്‍നിന്ന് മാറ്റി ഓറഞ്ച് സോണിലേക്കു മാറ്റി. ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളില്‍ ഹോട്‌സ്‌പോട്ടായ പഞ്ചായത്തുകള്‍ അടച്ചിടും. എന്നാല്‍ മുനിസിപ്പാലിറ്റി അതിര്‍ത്തിയിലാണെങ്കില്‍ വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഡിവിഷനുകളും അടച്ചിടും.

രാജ്യത്ത് 4,257 പേർ കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. 78 ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സർക്കാറിന്റെ സ്ട്രാറ്റജി ഫലപ്രദമാകുന്നുണ്ടെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമേരിക്കയുമായി താരതമ്യം ചെയ്താണ് ആരോ​ഗ്യമന്ത്രാലയം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. രാജ്യത്ത് അഞ്ച് ലക്ഷം പരിശോധനകൾ നടത്തിയപ്പോൾ 20,000 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. അമേരിക്കയിൽ അത് 80,000 ആയിരുന്നു. രോ​ഗ വ്യാപനം പിടിച്ചുകെട്ടാൻ സാധിച്ചു.
ഇന്നലെ മാത്രം 388 പേർ രോ​ഗമുക്തരായി. രോ​ഗം സ്ഥിരീകരിച്ചവരിൽ19.89 ശതമാനം പേർ ​രോ​ഗമുക്തരായി. കഴിഞ്ഞ 28 ദിവസങ്ങളായി പന്ത്രണ്ട് ജില്ലകളിൽ ഒരു കേസുകൾ പോലും റിപ്പോർട്ട് ചെയ്തില്ലെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 1,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോ​ഗബാധിതർ ഡൽഹിയിലും മുംബൈയിലുമാണ്. ഗുജറാത്തിൽ മാത്രം നൂറിൽ അധികം പേർ മരിച്ചു. മഹാരാഷ്ട്രയിൽ രോ​ഗബാധിതരുടെ എണ്ണം 5,500 കടന്നു. 269 പേർ‍ക്കാണ് ജീവൻ‍ നഷ്ടമായത്. 24 മണിക്കൂറിനിടെ 431 കേസ് റിപ്പോർട്ട് ചെയ്തു. ധാരിവിയിൽ 189 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു.

pathram:
Leave a Comment