കൊറോണ ബാധിച്ചവരെ പാക്കിസ്ഥാന്‍ കശ്മീരിലേക്കു കടത്തുന്നു

കൊറോണ വൈറസ് ബാധിച്ചവരെ പാക്കിസ്ഥാന്‍ കശ്മീരിലേക്കു കടത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ കോവിഡ് രോഗം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്താനാണു പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്ന് പൊലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടേര്‍ബല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ സൗകര്യങ്ങള്‍ നിരീക്ഷിച്ച ശേഷമായിരുന്നു പൊലീസ് മേധാവിയുടെ പ്രസ്താവന. പാക്കിസ്ഥാന്‍ ഇതുവരെ ഭീകരരെയാണ് കശ്മീരിലേക്ക് അയച്ചിരുന്നത്. എന്നാലിപ്പോള്‍ കൊറോണ വൈറസ് രോഗികളെയാണു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ പ്രശ്‌നത്തില്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ കോവിഡ് രോഗമുള്ളവരെ പാക്ക് അധിനിവേശ കശ്മീരിലേക്ക് എത്തിക്കുകയാണെന്നു വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിന് ഇവരെ തയാറാക്കുകയായിരുന്നു ലക്ഷ്യം. പാക്ക് അധിനിവേശ കശ്മീരില്‍ 50 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭൂരിഭാഗം രോഗികളും മിര്‍പൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്.

ഈ മാസം ആദ്യം ഖേരന്‍ സെക്ടര്‍ വഴിയുള്ള നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. അഞ്ച് ഭീകരരാണ് അന്നു വെടിയേറ്റു മരിച്ചത്. അഞ്ച് സൈനികരും വീരമൃത്യു വരിച്ചു. പിന്നാലെ ഇന്ത്യ – പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ സാഹചര്യങ്ങള്‍ അശാന്തമായിരുന്നു. കുപ്!വാര ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു.

ജമ്മു കശ്മീരില്‍ ഇതുവരെ 400ല്‍ അധികം പേര്‍ക്കു കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും കശ്മീര്‍ താഴ്!വരയില്‍നിന്നുള്ളവരാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം വ്യാഴാഴ്ച രാവിലെ 21,393 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേര്‍ക്കു രോഗം ബാധിച്ചു. 41 പേര്‍ 24 മണിക്കൂറില്‍ മരിച്ചു. രാജ്യത്താകെ ഇതുവരെ 681 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

pathram:
Related Post
Leave a Comment