ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; വിവിധ സംസ്ഥാനങ്ങളിലെ കണക്ക് ഇങ്ങനെ…

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തിലേക്ക് കടന്നിരിക്കെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 20,000 ലേക്ക്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 645 ആയി. മഹാരാഷ്ട്രയും രാജസ്ഥാനും പശ്ചിമ ബംഗാളുമാണ് ഒറ്റദിവസം രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍. ചൊവ്വാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്ത മരണം 45 ആണ്.

ചൊവ്വാഴ്ച വരെ 20,083 ആണ് വൈറസ്ബാധിതര്‍. ഇന്നലെ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1493 ആയിരുന്നു. ഒറ്റദിവസ കണക്കുകളില്‍ രണ്ടാം സ്ഥാനത്തെത്തി ചൊവ്വാഴ്ച. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,613 ന് ആണ് കണക്കുകളില്‍ ഒന്നാമത്. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 552 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസ കണക്കുകളുടെ കാര്യത്തില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്വന്തം റെക്കോഡ് ഇത്തവണയും മഹാരാഷ്ട്ര നിലനിര്‍ത്തി. മുംബൈയില്‍ മാത്രം 419 കേസുകളും 12 മരണങ്ങളുമാണ് ഉണ്ടായത്.

രാജസ്ഥാനില്‍ 159 കേസുകളും ബംഗാളില്‍ 53 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുറാത്തില്‍ 239 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രോഗികളുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള ഗുജറാത്തും ഹോട്ട്‌സ്‌പോട്ടാണ്. ഇവിടെ രോഗികളുടെ എണ്ണം 2000 കടന്നതോടെ പട്ടികയില്‍ രണ്ടാമതുള്ള ഡല്‍ഹിയെ പിന്നിലാക്കി. കേസുകള്‍ 2000 കടന്ന മറ്റ് രണ്ടു സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും ഡല്‍ഹിയുമാണ്. കേസുകള്‍ 2000 കടക്കാന്‍ മഹാരാഷ്ട്ര 35 ദിവസം എടുത്തപ്പോള്‍ ഡല്‍ഹിക്ക് വേണ്ടി വന്നത് 45 ദിവസമാണ്. ഗുജറാത്തിന് 34 ദിവസമേ വന്നുള്ളൂ. 2,178 കേസുകളാണ് ഗുജറാത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ മൊത്തം രോഗികളുടെ എണ്ണം 5000 മായി. രണ്ടു ദിവസം കൊണ്ട് 1000 കേസുകള്‍ കൂടി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 45 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണം 640 ആയി. മഹാരാഷ്ട്രയില്‍ 251 പേര്‍ മരണമടഞ്ഞപ്പോള്‍ ഗുജറാത്തിലെ കോവിഡ് മരണം 90 ആണ്. അതേസമയം ഡല്‍ഹിയില്‍ ഏപ്രില്‍ 8 ന് ശേഷം ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ കാലയളവില്‍ ഇവിടെ പുതിയതായി 75 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മൊത്തം രോഗികള്‍ 2,156 ആയി.

രാജസ്ഥാനില്‍ ചൊവ്വാഴ്ച 159 പുതിയ രോഗികളാണ് എത്തിയത്് ജെയ്പൂരില്‍ ഒരാള്‍ മരണമടയുകയും ചെയ്തു. സംസ്ഥാനത്ത് 26 മരണമാണ് ഉണ്ടായിരിക്കുന്നത്. ജെയ്പൂരില്‍ മാത്രം മരണം 14 ആയി. പശ്ചിമ ബംഗാളില്‍ 53 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മൊത്തം കേസുകളുടെ എണ്ണം 392 ആയി. യുപിയില്‍ മൂന്ന് മരണങ്ങളും കൂടിയായതോടെ മൊത്തം മരണം 22 ആയി. 106 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്ുകന്നത്. മൊത്തം രോഗികളുടെ എണ്ണം 1,364 ആയി.

ചൊവ്വാഴ്ച 71 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മദ്ധ്യപ്രദേശില്‍ രോഗികളുടെ എണ്ണം 1,553 ആയി. ഭോപ്പാലില്‍ മാത്രം ചൊവ്വാഴ്ച ഉണ്ടായ പുതിയ കേസുകള്‍ 31 ആണ്. ഇന്‍ഡോറില്‍ 18 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നാലു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മദ്ധ്യപ്രദേശിലെ മൊത്തം മരണം 80 ആയി. തെലങ്കാനയില്‍ 56 പുതിയ കേസുകള്‍ ഉണ്ടായി. മൊത്തം രോഗികളുടെ എണ്ണം 928 ആയി. ആന്ധ്രയില്‍ 35 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ രണ്ടു മരണമുണ്ടായി. മൊത്തം മരിച്ചവരുടെ എണ്ണം 22 ആയിട്ടുണ്ട്്. ബീഹാറില്‍ രോഗികളുടെ എണ്ണം 126 ആയി. 13 പുതിയ കേസുകളാണ് ഉണ്ടായത്.

pathram:
Related Post
Leave a Comment