തമിഴ്‌നാട്ടില്‍ നിന്ന് വനപാതയിലടെ കൂടുതല്‍ പേര്‍ കേരളത്തിലേക്ക്; അതിര്‍ത്തി ജില്ലകലില്‍ ആശങ്കയേറുന്നു

തമിഴ്‌നാട്ടില്‍ നിന്ന് വനപാതയിലൂടെ കൂടുതല്‍ ആളുകള്‍ ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ അതിര്‍ത്തി കടന്ന് ഇരുപതോളം പേര്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ആളുകള്‍ അതിര്‍ത്തി കടക്കുന്ന തേവാരംമേട്ടില്‍ സംസ്ഥാനത്തെ ആദ്യ കൊവിഡ് പൊലീസ് ഔട്ട് പോസ്റ്റ് തുറന്നു.

തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കി ജില്ലയിലേക്ക് കടക്കാന്‍ 45 ഓളം സമാന്തരപാതകളുണ്ട്. രാത്രിയില്‍ എല്ലായിടത്തും പൊലീസ് പരിശോധനകള്‍ ഉണ്ടാവില്ല. ഈ സാഹചര്യം മനസിലാക്കിയാണ് തമിഴ്‌നാട്ടില്‍ നിന്ന് ആളുകള്‍ ജില്ലയിലേക്ക് കടക്കുന്നത്. വന്യമൃഗ ഭീഷണി ഉള്ളതിനാല്‍ വനത്തിനുള്ളില്‍ രാത്രി പരിശോധനയും സാധ്യമല്ല. ലോക്ക്ഡൗണിന് മുന്‍പ് നാട്ടിലേക്ക് പോയ തോട്ടം തൊഴിലാളികളാണ് തിരികെ വരാന്‍ ശ്രമിക്കുന്നത്. കേരളത്തിലേക്ക് കടന്നാല്‍ ഈയാഴ്ച്ച തന്നെ തോട്ടങ്ങളില്‍ ജോലിക്ക് കയറാമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

രാത്രി കാലങ്ങളില്‍ അതിര്‍ത്തി കടന്നെത്തുന്നവര്‍ പ്രധാനമായി ഉപയോഗിക്കുന്നത് നെടുങ്കണ്ടം തേവാരം മേട്ടിലെ സമാന്തര പാതകളെയാണ്. ഈ വഴി മൂന്നു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ കേരളത്തിലേക്കും കടക്കാം. കാല്‍ നടയായി സമാന്തരപാതകളിലൂടെ അതിര്‍ത്തിയില്‍ എത്തുന്നവരെ വാഹനങ്ങളില്‍ കൊണ്ടുപോകുവാനും ഏലത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് നിയന്ത്രിക്കാനാണ് തേവാരം മേട്ടില്‍ കൊവിഡ് ഔട്ട് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്

തമിഴ്‌നാട് അതിര്‍ത്തി ജില്ലയായ തേനിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമാന്തര പാതകളിലൂടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ എത്തുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.

pathram:
Leave a Comment