കൊച്ചി: സ്പ്രിന്‍ക്ലര്‍ മുഖേന ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാരിന് ഉറപ്പു നല്‍കാനാകുമോ എന്ന് ഹൈക്കോടതി. സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. നാളെ ഇതു സംബന്ധിച്ച വിശദീകരണം നല്‍കാമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ അപേക്ഷ തള്ളിയ കോടതി ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, നിര്‍ണായകമായ ഡാറ്റകള്‍ ഒന്നും ഈ സോഫ്ട്‌വെയര്‍ വഴി സര്‍ക്കാര്‍ ശേഖരിക്കുന്നില്ല എന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. പെട്ടെന്ന് ഒരു സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതിനാലാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടി വന്നത്. സംസ്ഥാനത്തിന്റെ സൗകര്യങ്ങള്‍ ഡാറ്റാ വിശകലനത്തിന് പര്യാപ്തമല്ലത്തതിനാലാണ് സ്പ്രിന്‍ക്ലറിനെ ഏല്‍പിക്കേണ്ടി വന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചു. രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഇവരുടെ സര്‍വിസ് എടുക്കുന്നത് എന്തിനെന്നു ചോദിച്ച കോടതി ഇപ്പോഴും സ്പ്രിന്‍ക്ലര്‍ മുഖേന ആണോ ഡേറ്റകള്‍ കൈകാര്യം ചെയ്യുന്നത് എന്നും ആരാഞ്ഞു. മെഡിക്കല്‍ ഡേറ്റകള്‍ എല്ലാം പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാരിന്റെ വാദം അംഗീകരിക്കാവുന്നതല്ലെന്നും കോടതി നിലപാടെടുത്തു.
സ്പ്രിന്‍ക്ലറിനെതിരെ അമേരിക്കയില്‍ ഡേറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകകനായ ബാലു ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചത്. കരാറിനെ കുറിച്ച് കേന്ദ്ര ഏജന്‍സിയെ കൊണ്ട് ഫോറന്‍സിക് ഓഡിറ്റ് നടത്തണം. ഇതുവരെ ശേഖരിച്ച ഡേറ്റകള്‍ സ്പ്രിന്‍ക്ലറിന് കൈമാറരുത്. കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.
Leave a Comment