തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേരും കണ്ണൂര്‍ സ്വദേശികളാണ്. ഇവരില്‍ അഞ്ചുപേരും വിദേശത്തുനിന്നുവന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
21 പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് 19 പേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കുമാണ് ഫലം നെഗറ്റീവായത്. 408 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 പേര്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 46,323 പേരാണ്. 45,925 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 398 പേര്‍ ആശുപത്രികളിലാണുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 19,074 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടുമൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment