വിജിലന്‍സ് അന്വേഷണം; പിണറായി കോടികള്‍ മുടക്കി ഉണ്ടാക്കിയ ഇമേജ് തകര്‍ത്തതിന്റെ പകയെന്ന് കെ എം ഷാജി

കോഴിക്കോട്: ദുരിതാശ്വാസ ഫണ്ടിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി തന്നെ വേട്ടയാടുന്നെന്ന് കെ.എം. ഷാജി എംഎല്‍എ. 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതികരിക്കുകയായിരുന്നു കെ. എം. ഷാജി.

തനിക്കെതിരെ കേസെടുപ്പിച്ചത് മുഖ്യമന്ത്രിയാണ്. പിണറായി കോടികള്‍ മുടക്കി ഉണ്ടാക്കിയ ഇമേജ് തകര്‍ത്തതിന്റെ പകയാണ്. ഒന്നല്ല നൂറു കേസ് വന്നാലും വീട്ടിലിരിക്കുമെന്ന് കരുതണ്ട. തുടര്‍ നിയമനടപടികള്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും’– ഷാജി പറഞ്ഞു.

അതേസമയം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ നടപടിക്കെതിരെ മുസ്‌ലിം ലീഗും രംഗത്തെത്തി. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെയുള്ള നടപടി പ്രതികാരബുദ്ധിയോടെയെന്ന് കെ.പി.എ. മജീദ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഇതുതന്നെയാണ് മോദിയും ഡല്‍ഹിയില്‍ ചെയ്യുന്നത്. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ ഇതാണ് അവസ്ഥ. നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും– അദ്ദേഹം പറഞ്ഞു. വിചിത്രമാണ് സര്‍ക്കാര്‍ നീക്കമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും പറഞ്ഞു.

pathram:
Related Post
Leave a Comment