കോവിഡ് മരണം ഒന്നര ലക്ഷത്തിലേക്ക്; യുഎസില്‍ മാത്രം 34,617; ട്രംപിനെതിരേ വിമര്‍ശനം

തുടര്‍ച്ചയായ രണ്ടാം ദിവസവും 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 2,000 കടന്നതോടെ യുഎസില്‍ ആകെ മരണം 34,617 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 2,174 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. പുതിയതായി 29,567 കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ യുഎസില്‍ രോഗബാധിതര്‍ 6,77,570 ആയി. എന്നാല്‍ കോവിഡ് രോഗികളുടെ കാര്യത്തില്‍ യുഎസ് പ്രതിസന്ധിഘട്ടം പിന്നിട്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം.

പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നു ഘട്ടങ്ങളായി വിപണികള്‍ തുറന്നേക്കുമെന്നാണ് ട്രംപ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ചില സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തുമെന്നും ഇത് ഗവര്‍ണര്‍മാരുമായി ചേര്‍ന്ന് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിപണി തുറക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അടിസ്ഥാനമില്ലാത്തും അനൗചിത്യപരമായ തീരുമാനമെന്നുമാണ് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വിശേഷിപ്പിച്ചത്. കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും അവര്‍ അറിയിച്ചു.

ഇറ്റലിയിലും സ്‌പെയിനിലും ഇന്നലെ മരണം 500 കടന്നു. ഇതോടെ ഇറ്റലിയില്‍ ആകെ 22,170 പേരും സ്‌പെയിനില്‍ 19,315 പേരും മരിച്ചു. ലോകത്താകമാനം കോവിഡ് മരണം 1,45,470 ആയപ്പോള്‍ രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. 21,82,025 പേരാണ് ആകെ രോഗബാധിതര്‍. ഫ്രാന്‍സില്‍ 17,000 മേല്‍ പുതിയ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതി രൂക്ഷമായി.

നിലവില്‍ 1,65,027 പേര്‍ക്കാണ് രോഗം ബാധിച്ചത്. 17,920 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ ഒറ്റ ദിവസം 800ലധികം ആളുകള്‍ മരിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. ബ്രിട്ടന്‍ മൂന്നാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. ഇവിടെ 4617 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ ഒരു ലക്ഷം കടന്നു. ജര്‍മനിയില്‍ 1,37,698 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 4052 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment