പ്രതിദിനം 6000 പ്രവാസികള്‍ എത്തും; മൂന്ന് തരത്തിലുള്ള ക്വാറന്റീന്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി…

പ്രവാസി മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ സുരക്ഷിതമായി ക്വാറന്റീനില്‍ പാര്‍പ്പിക്കാനുള്ള ആസൂത്രണം തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാല്‍ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണു നിഗമനം.

സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനുമുന്‍പ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90 –- 100 രാജ്യാന്തര വിമാനങ്ങളാണ്. ശരാശരി സീറ്റുകളുടെ എണ്ണം 18,000. കോവിഡ് സുരക്ഷയുടെ ഭാഗമായി വിമാനത്തില്‍ മൂന്നിലൊന്നു യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നാണു സൂചന. ഇതുപ്രകാരമാണ് പ്രതിദിനം 6000 പേര്‍ എത്തുമെന്ന കണക്ക്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ നോര്‍ക്ക ഒരുക്കിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ വിവരങ്ങള്‍ പ്രകാരം ഒരു ലക്ഷത്തിലേറെ പേര്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. അതതു രാജ്യങ്ങളില്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ച ശേഷമേ യാത്രയ്ക്ക് അനുമതി നല്‍കൂ. സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ പാസും നിര്‍ബന്ധമാക്കും. വിമാനത്താവളങ്ങളില്‍ പരിശോധന നടത്തി കോവിഡ് കെയര്‍ ഹോമുകളിലെത്തിക്കുകയും ഫലം നെഗറ്റീവ് ആയാല്‍ വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

കേന്ദ്ര തീരുമാനമായാല്‍ പ്രവാസികളെ മുന്‍ഗണനാക്രമത്തില്‍ വിവിധ ഘട്ടങ്ങളായാകും തിരികെയെത്തിക്കുക. രോഗികള്‍, സ്ത്രീകള്‍, വയോധികര്‍, കുട്ടികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. കോവിഡ് സമൂഹവ്യാപനമുണ്ടായാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും മറ്റുമായി സര്‍ക്കാര്‍ 2 ലക്ഷത്തിലേറെ മുറികള്‍ സജ്ജമാക്കുന്നുണ്ട്. പാര്‍പ്പിക്കാനുള്ള സന്നദ്ധത സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്.

ബന്ധുക്കള്‍ക്കു പോലും രോഗപ്പകര്‍ച്ചയുണ്ടാവില്ലെന്ന് ഉറപ്പാക്കി ആദ്യ 14 ദിവസം വീട്ടില്‍ തന്നെ തങ്ങാന്‍ സൗകര്യമുള്ളവര്‍ക്ക് അങ്ങനെ കഴിയാം. ആരോഗ്യപ്രവര്‍ത്തകര്‍ വീടു സന്ദര്‍ശിച്ചു സുരക്ഷ ഉറപ്പുവരുത്തും.
വിമാനത്താവളത്തിനു സമീപം ആരോഗ്യവകുപ്പു കണ്ടെത്തിയ ഹോട്ടലുകളില്‍ സ്വന്തം ചെലവില്‍ കഴിയാം. സര്‍ക്കാര്‍ ചെലവില്‍ താമസം, ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്ന പ്രത്യേക കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് അതുമാവാം.

അതേസമയം പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതു സംബന്ധിച്ചു കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവരെ കൊണ്ടുവരണമെന്ന ആവശ്യം സംസ്ഥാനം നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനപ്രകാരം 21.21 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിലുള്ളത്. ഇതില്‍ 18.93 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഗള്‍ഫില്‍ 25 ലക്ഷത്തോളം മലയാളികളുണ്ട്.

pathram:
Related Post
Leave a Comment