പ്രിയപ്പെട്ട രാജ്യമേ കരയൂ…!!! ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം

മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധമറിയിച്ച് ചിദംബരത്തിന്റെ ട്വീറ്റ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ഉപജീവനത്തിനായി സ്വയം സമ്പാദിക്കേണ്ട അവസ്ഥയിലാണെന്നും പ്രിയ രാജ്യമേ കരയൂ എന്ന തരത്തില്‍ മോദി സര്‍ക്കാരിന്റെ ലോക്കഡൗണ്‍ സമീപനത്തെ വിമര്‍ശിച്ചു കൊണ്ടാണ് ചിദംബരം ട്വീറ്റ് ചെയ്തത്.

‘പ്രധാനമന്ത്രിയുടെ പുതുവത്സാരംശകള്‍ക്ക് തിരിച്ചും ആശംസ നല്‍കുന്നു. ലോക്ക്ഡൗണ്‍ നീട്ടാനിടയായ നിര്‍ബന്ധ പ്രേരണ ഞങ്ങള്‍ മനസ്സിലാക്കുന്നു. ആ തീരുമാനത്തെ പിന്തുണക്കുന്നു. പക്ഷെ മുഖ്യമന്ത്രിമാരുടെ സാമ്പത്തിക ആവശ്യകതയ്ക്കുള്ള യാതൊരു പ്രതികരണവും കണ്ടില്ല. മാര്‍ച്ച് 25 പാക്കേജിലേക്ക് ഒരു രൂപ പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള്ള വരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞത്’, ചിദംബരം ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

’21ദിവസം കൂടാതെ ഇനി 19 ദിവസത്തേക്കു കൂടി പാവപ്പെട്ട ജനങ്ങള്‍ സ്വയം നിത്യച്ചെലവിനുള്ള കാശ് കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.പണവുമുണ്ട്, ഭക്ഷണവുമുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു തരുന്നുമില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ കരയൂ’ എന്ന് മറ്റൊരു ട്വീറ്റില്‍ ചിദംബരം പറഞ്ഞു.

ഡെന്‍മാര്‍ക്ക് രാജകുമാരനില്ലാത്ത ഹാംലെറ്റ് പോലെയുണ്ട് പ്രഖ്യാപനമെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തത്. പാവപ്പെട്ടവര്‍ക്ക്, മധ്യവര്‍ഗ്ഗക്കാര്‍ക്ക്, ചെറുകിട കച്ചവടക്കാര്‍ക്ക് കൂടുതല്‍ ആശ്വാസ പാക്കേജുകള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment