ഇന്ത്യ മരുന്ന് കൊടുത്തു; അമേരിക്ക് ആയുധങ്ങള്‍ തരുന്നു; 1200 കോടിയുടെ ആയുധക്കരാറിന് അംഗീകാരം

കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന ഇന്ത്യ നല്‍കിയതിന് പിന്നാലെ മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹാര്‍പൂണ്‍ ബ്ലോക്ക്2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പത്ത് മിസൈലുകള്‍, 16 എംകെ 54 ഓള്‍ അപ്പ് റൗണ്ട് ടോര്‍പിഡോകള്‍, മൂന്ന് 54 എക്‌സര്‍സൈസ് ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇവയ്ക്ക് എല്ലാംകൂടി ഏകദേശം 1200 കോടി രൂപയാണ് ചിലവാകുക. അമേരിക്കയുടെ ഡിഫന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി അമേരിക്കന്‍ കോണ്‍ഗ്രസില്‍ വെച്ച വിജ്ഞാപനങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്.

പ്രതിരോധ ഉപകരണങ്ങളുടെ ഇടപാട് സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ഈ ഇടപാട് ശക്തിപ്പെടുത്തുമെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, ട്രംപ് ഇന്ത്യയോട് മലമ്പനിയുടെ മരുന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകള്‍ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ഇന്ത്യയില്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.

തുടര്‍ന്ന് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. തുടര്‍ന്ന് നരേന്ദ്രമോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിട്ടുനല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

pathram:
Leave a Comment