വിദേശത്ത് നിന്നെത്തിയ മലയാളികള്‍ക്ക് ഡല്‍ഹിയില്‍ സംഭവിച്ചത്…

വിദേശത്തു നിന്ന് വന്ന നാല് മലയാളികള്‍ ഡല്‍ഹിയില്‍ കുടുങ്ങി. ഡല്‍ഹി നരേലയിലെ ക്യാമ്പിലാണ് വൃദ്ധര്‍ ഉള്‍പ്പെടെയുള്ള നാല് മലയാളികള്‍ കുടുങ്ങിയത്. നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. കൊവിഡ് 19 സംശയിക്കുന്നവരോടൊപ്പമാണ് തങ്ങളെ താമസിപ്പിക്കുന്നതെന്ന് ഇവര്‍ പരാതിപ്പെടുന്നു.

60 വയസ്സ് കഴിഞ്ഞ് 4 മുതിര്‍ന്ന പൗരന്മാരാണ് ഡല്‍ഹിയില്‍ കുടുങ്ങിയത്. കഴിഞ്ഞ 14ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയ ഇവരെ ക്വാറന്റീനിലാക്കി. എന്നാല്‍ ക്വാറന്റീന്‍ കാലാവധി അവസാനിച്ചിട്ടും അവര്‍ക്ക് നാട്ടിലെത്താന്‍ സാധിച്ചിട്ടില്ല. ക്യാമ്പ് അധികൃതര്‍ ഇവര്‍ക്ക് പോകാനുള്ള അനുവാദം നല്‍കിയെങ്കിലും ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വാഹനസൗകര്യങ്ങളോ മറ്റോ ലഭിക്കുന്നില്ല.

അതേ സമയം, ക്വാറന്റീന്‍ കാലാവധി കഴിഞ്ഞിട്ടും തങ്ങളെ രോഗബാധ സംശയിക്കുന്നവര്‍ക്കൊപ്പം താമസിപ്പിച്ചിരിക്കുകയാണെന്നാണ് ഇവരുടെ പരാതി. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവരും സമാന അവസ്ഥയില്‍ ഇവിടെ ഉണ്ട്.

മാര്‍ച്ച് 19ന് കാനഡയില്‍ നിന്നു വന്ന ലിസമ്മക്ക് പറയാനുള്ളത് ഇങ്ങനെ:

‘മാര്‍ച്ച് 20ന് ഞാന്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തി. 60 കഴിഞ്ഞവരെ ക്വാറന്റീന്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. കയ്യില്‍ ഫോണില്ലെന്നും വീട്ടുകാര്‍ കാത്തിരികുകയാണെന്നും ഞാന്‍ പറഞ്ഞു. അത് നിരസിച്ച ആരോഗ്യപ്രവര്‍ത്തകര്‍ എന്നെ വാഹനത്തില്‍ കയറ്റി നരേലയിലെത്തിച്ചു. മറ്റ് പലരോടൊപ്പം മാര്‍ച്ച് 21നാണ് അവിടെ എത്തിയത്. ലഗേജ് മുകളില്‍ എത്തിക്കാന്‍ പലരോടും സഹായം തേടിയെങ്കിലും ആരും എത്തിയില്ല. അവസാനം, ഒന്ന് രണ്ട് സ്ത്രീകള്‍ സഹായത്തിനെത്തി. 9ആം നിലയിലായിരുന്നു മുറി. അറിയിപ്പുകളൊക്കെ ഹിന്ദിയില്‍ ആയതുകൊണ്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണം മുടങ്ങി. വിവരം അറിഞ്ഞ് വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചു നല്‍കി. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് 15ആം ദിവസം പരിശോധന നടത്തി. നെഗറ്റീവാണെന്ന് റിസല്‍ട്ട് വന്നു. അന്ന് രാത്രി തന്നെ ബാക്കിയുള്ള ഭൂരിപക്ഷം ആളുകളും മടങ്ങി. ഞാന്‍ താമസിക്കുന്ന 9ആം നിലയില്‍ ഞാന്‍ മാത്രമേയുള്ളൂ ഇപ്പോള്‍.’

pathram:
Related Post
Leave a Comment