ഈ സുരേന്ദ്രനിത് എന്ത് പറ്റി..? അദ്ദേഹത്തിന്റെ തലച്ചോര്‍ സ്‌പോഞ്ച് പോലെ ആണോ..?

കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിനെ പ്രശംസിച്ചും പ്രതിപക്ഷത്തിനെ വിമര്‍ശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സുരേന്ദ്രനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ രംഗത്ത് പരിഹാസത്തോടെയാണ് മറുപടി നല്‍കുന്നത്. ഇന്നലെ വരെ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞ സുരേന്ദ്രന്‍ ഒറ്റദിവസം കൊണ്ട് കളം മാറ്റിയോ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

സര്‍ക്കാരിനെ ചെറുതായി വിമര്‍ശിക്കുന്നുണ്ട് സുരേന്ദ്രന്‍ ക്ഷമിക്കണം എന്ന് അപേക്ഷിച്ചാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലില്‍ ഫെയ്‌സ്ബുക്ക് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സുരേന്ദ്രന്‍ എപ്പോഴാണ് ഭരണപക്ഷം ആയത് എന്നായിരുന്നു വിഷ്ണുനാഥിന്റെ ചോദ്യം. ബിജെപിസിപിഎം അന്ധര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുന്നു എന്നായിരുന്നു ടി. സിദ്ദിഖിന്റെ വിമര്‍ശം. സുരേന്ദ്രനെ താരമാക്കി സംസ്ഥാന അധ്യക്ഷനാക്കിയതിന് പിന്നില്‍ പിണറായി വിജയനാണെന്ന് ഇതോടെ വ്യക്തമായെന്ന് ജ്യോതികുമാര്‍ ചാമക്കാലയും കുറിച്ചു.

ടി സിദ്ദിഖിന്റെ കുറിപ്പ്;

എല്ലാ ദിവസവും 6 മണിക്ക് മുഖ്യമന്ത്രി പി ആര്‍ വര്‍ക്ക് നടത്തുകയാണെന്നും, കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന റേഷനരി സ്വന്തം പേരിലാക്കുകയാണെന്നും, 1000 രൂപയുടെ പലവ്യഞ്ജനങ്ങള്‍ എന്നത് വെറും 750 രൂപയില്‍ താഴെ ഉള്ളതാണെന്നും വിമര്‍ശിച്ച് നടന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞിട്ടുണ്ട്. സര്‍ക്കാറിനെ വാഴ്ത്തിയും പ്രതിപക്ഷത്തെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നു. ഇത്രയും കാലം സജീവമായിരുന്ന അന്ധര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുന്നു. കേരള രാഷ്ട്രീയത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ശ്രമിക്കുന്ന പിണറായി ഫാന്‍സുകാര്‍ക്കൊപ്പം പരസ്യമായി നില്‍ക്കാന്‍ സമയമായി എന്നാണു നാം ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. സംഘ്പരിവാറുമായി കൈകോര്‍ത്ത് ആദ്യമായി നിയമസഭയില്‍ എത്തിയ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ അല്ലാതെ മറ്റെപ്പോഴാണു ബിജെപിക്ക് രക്ഷപ്പെടാനാവുക. ഇപ്പോള്‍ ആഭ്യന്തരം മാത്രമാണു സംഘ്പരിവാറിന്റെ കയ്യില്‍. കോണ്‍ഗ്രസിനെ ഇല്ലാതാക്കി രാഷ്ട്രീയ വിജയം കൂടി സ്വപ്നം കാണുന്ന ബിജെപിക്ക് തങ്ങള്‍ക്ക് വേണ്ടി മറ്റൊരു ഗര്‍ഭപാത്രത്തില്‍ പിറന്ന തിരുദൂതനെ വാഴ്ത്തിപ്പാടുക എന്നത് അവരില്‍ അര്‍പ്പിതമായ കടമ മാത്രമാണു. തംബ്രാനു റാന്‍ മൂളാന്‍ കോണ്‍ഗ്രസുകാരെ ഈ ജനാധിപത്യ രാജ്യത്ത് കിട്ടില്ല എന്ന് മാത്രം പറയുന്നു.

ജ്യോതി കുമാര്‍ ചാമക്കാലയുട കുറിപ്പ്;

സുരേന്ദ്രനും ചങ്ക് വിജയേട്ടനും……….

ഈ കെ.സുരേന്ദ്രനിതെന്തു പറ്റി.?

അദ്ദേഹത്തിന്‍റെ തലച്ചോര്‍ സ്പോഞ്ചുപോലെയാണോ…?

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലവ്യജ്ഞന കിറ്റ് ശുദ്ധ തട്ടിപ്പാണെന്ന് പറഞ്ഞ് നാക്കെടുത്തിട്ട് ഇരുപത്തിനാല് മണിക്കൂറായില്ല;
അതിന് മുമ്പ് അതേനാവ് പറയുന്നു പിണറായി വിജയന്‍ പൊന്നാണെന്ന്….മുത്താണെന്ന്….

പിആര്‍ വര്‍ക്കല്ലാതെ മറ്റൊന്നും പിണറായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യിക്കാന്‍ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്‍റെ മിടുക്ക്.

സുരേന്ദ്രന്‍ ഹാന്‍സ് ഉപയോഗിക്കും എന്നെല്ലാമുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തെ ഞാന്‍ വിശ്വസിക്കുന്നില്ല.
പക്ഷേ അദ്ദേഹത്തിന്‍റെ സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് തീര്‍ച്ച…

രമേശ് ചെന്നിത്തല പിണറായി വിജയനെ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്…!

രമേശ് ചെന്നിത്തല നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നത് സുരേന്ദ്രന് കൊള്ളുന്നത് മനസിലാക്കാം..

പക്ഷേ പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്…?

സഖാക്കളെ, ഇതാണ് ബി ടീം കളി……

കോണ്‍ഗ്രസിന്‍റെയല്ല സിപിഎമ്മിന്‍റെ ബി ടീമാണ് കേരളത്തിലെ ബിജെപി എന്ന ഞങ്ങളുടെ വാദം ശരിയെന്ന് ഇപ്പോള്‍ പൊതു സമൂഹത്തിന് കുറെക്കൂടി വ്യക്തമായി.

ശബരിമല വിവാദത്തിലൂടെ കെ.സുരേന്ദ്രന്‍ എന്ന നേതാവിനെ കേരള ബിജെപിയുടെ തലപ്പത്ത് എത്തിച്ചതില്‍ പിണറായി വിജയന്‍ വഹിച്ച പങ്ക് ചെറുതല്ല.

എംടി രമേശും ശ്രീധരന്‍ പിള്ളയും ശോഭ സുരേന്ദ്രനും എല്ലാം ചേര്‍ന്ന് തലങ്ങും വിലങ്ങും വെട്ടി നോക്കിയിട്ടും സുരേന്ദ്രന് സ്വപ്നപദവി നേടിക്കൊടുത്തത് പിണറായി വിജയനും അദ്ദേഹത്തിന്‍റെ പൊലീസുമാണ്.

സംഘപരിവാരത്തിന് കേരളത്തില്‍ വളരാന്‍ സമുദായസ്പര്‍ദയെന്ന വളമിട്ട് കൊടുക്കാനാണ് പിണറായി ശ്രമിച്ചത്.

വിവേകമുള്ള കേരള ജനത ആ ചതി തിരിച്ചറിഞ്ഞതിനാൽ പദ്ധതി പാളി. പക്ഷേ കേരള പാര്‍ട്ടിയില്‍ സുരേന്ദ്രന്‍ അജയ്യനായി.
ആ നന്ദിയാണ് അദ്ദേഹം ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.

സുരേന്ദ്രനും പിണറായിക്കും പരസ്പരം അഭിനന്ദിക്കാന്‍ കഴിയുന്നതില്‍ വാസ്തവത്തിൽ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല…..

രണ്ടു പേരും ജനാധിപത്യം എന്ന വാക്കിനെപ്പോലും വെറുക്കുന്നവരാണ്.

വിമര്‍ശനങ്ങളോട് അസഹിഷ്ണുത മാത്രമുള്ള രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ഫാസിസത്തിന്‍റെ രണ്ട് വ്യത്യസ്ത മുഖങ്ങള്‍.

രമേശ് ചെന്നിത്തല ജനാധിപത്യ അവകാശമുപയോഗിച്ച് വിമര്‍ശിക്കുമ്പോള്‍ അത് രണ്ടു പേര്‍ക്കും ഉള്‍ക്കൊള്ളാനാവില്ല…

ജനാധിപത്യം ഇരുവര്‍ക്കും ശീലമില്ല.

സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇരു കൂട്ടര്‍ക്കും ചതുര്‍ഥിയാണ്….

വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യമാണ് ഇരു കൂട്ടര്‍ക്കും…
അക്കാര്യത്തില്‍ സുരേന്ദ്രന്‍റെ നേതാവ് അമിത് ഷായുടെ പാരമ്പര്യം അതേ രീതിയില്‍ പിന്‍പറ്റുന്നയാളാണ് പിണറായി വിജയന്‍…

അപ്പോള്‍ പിണറായി വിജയനോട് സുരേന്ദ്രന് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നതില്‍ അതിശയമില്ല…

കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന പൊതുസ്വപ്നം കൊണ്ടു നടക്കുന്നവരാണ് ഇരുവരും…

കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെ എതിര്‍ത്ത പ്രധാന സിപിഎം നേതാവ് പിണറായി വിജയനായിരുന്നെന്ന് ഓര്‍ക്കണം…

പരസ്പരം പുറം ചൊറിഞ്ഞ് കേരളത്തില്‍ അങ്ങനെ തഴച്ചു വളരാമെന്നാണ് സുരേന്ദ്ര-പിണറായിമാരുടെ സ്വപ്നം…

രമേശ് ചെന്നിത്തലയുടെ കാവി പുതപ്പ് അന്വേഷിച്ച് നടന്ന സഖാക്കള്‍ ക്ലിഫ് ഹൗസിന്‍റെ പിന്നില്‍ ഒന്ന് പോയി നോക്കണം…

നരേന്ദ്രമോദി മുതല്‍ കെ. സുരേന്ദ്രന്‍ വരെയുളളവരുടെ പുതപ്പും ട്രൗസറുമെല്ലാം അവിടെ അലക്കിത്തേച്ച് വച്ചിട്ടുണ്ട്…

ഇടയ്ക്കിടക്ക് അതിനെ വന്ദിച്ചിട്ടാണ് സഖാവ്‍ പിണറായി ഫാസിസ്റ്റ് വിരുദ്ധ പ്രഭാഷണത്തിന് ഇറങ്ങുന്നത്…

pathram:
Related Post
Leave a Comment