തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളിക്കളങ്ങള്‍ നിര്‍ജീവമായതോടെ, പഴയ മത്സരങ്ങളുടെ പുനഃസംപ്രേക്ഷണമാണ് സ്‌പോര്‍ട്‌സ് ചാനലുകളിലെ പ്രധാന പരിപാടി. ലോക്ഡൗണ്‍ മൂലം വീട്ടിലിരിക്കുന്ന ആളുകള്‍ക്ക് പഴയ കാലം ഓര്‍ക്കാനുള്ള അവസരം കൂടിയാണ് ആവേശപ്പോരാട്ടങ്ങളുടെ പുനഃസംപ്രേക്ഷണം. ക്രിക്കറ്റ് ലോകകപ്പുകളിലെ ഒട്ടേറെ മത്സരങ്ങളാണ് ഈ ദിവസങ്ങളില്‍ വിവിധ ടെലിവിഷന്‍ ചാനലുകളിലൂടെ ആളുകളിലേക്ക് എത്തിയത്. മുന്‍കാല മത്സരങ്ങളിലെ ആവേശ നിമിഷങ്ങള്‍ വീണ്ടും കണ്ട് സമൂഹമാധ്യമങ്ങളില്‍ നീണ്ട ചര്‍ച്ചകള്‍ വരെ രൂപപ്പെട്ടിട്ടുണ്ട്.
പക്ഷേ, പഴയ മത്സരങ്ങള്‍ പുനഃസംപ്രേക്ഷണം ചെയ്യുന്നത് നല്ല കാര്യമാണെങ്കിലും അതെല്ലാം ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളി ബാഡ്മിന്റന്‍ താരം എച്ച്.എസ്. പ്രണോയ്. ഒരു സ്‌പോര്‍ട്‌സ് ചാനലിനെ ടാഗ് ചെയ്ത് അദ്ദേഹം ഇക്കാര്യം ട്വീറ്റും ചെയ്തു. ക്രിക്കറ്റ് പോലെ മറ്റു മത്സരങ്ങളും പുനഃസംപ്രേക്ഷണം ചെയ്യാന്‍ നിര്‍വാഹമില്ലേ എന്നാണ് പ്രണോയിയുടെ ചോദ്യം.
‘സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയോട് എന്റെ ഭാഗത്തുനിന്ന് എളിയൊരു അപേക്ഷ. ഈ ലോക്ഡൗണ്‍ കാലത്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ 24ഃ7 എന്ന നിലയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രമാണ് പുനഃസംപ്രേക്ഷണം ചെയ്യുന്നത്. മറ്റ് കായിക മത്സരങ്ങളും ഇതുപോലെ പുനഃസംപ്രേക്ഷണം ചെയ്താല്‍ വലിയ സഹായമായേനെ. കുട്ടികള്‍ക്കും അതൊരു ഉപകാരമാകും’ – പ്രണോയ് ട്വിറ്ററില്‍ കുറിച്ചു.
അധികം വൈകാതെ തന്നെ ഈ നിര്‍ദ്ദേശത്തിന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മറുപടി എത്തി.
‘താങ്കളുടെ നിര്‍ദ്ദേശം ശ്രദ്ധിച്ചു. ലോക്ഡൗണ്‍ കാലത്ത് പ്രേക്ഷകര്‍ക്കായി വിംബിള്‍ഡന്‍, ഫ്രഞ്ച് ഓപ്പണ്‍, എഫ്1, ഫുട്‌ബോള്‍ തുടങ്ങി വ്യത്യസ്തങ്ങളായ കായിക മേഖലകളില്‍നിന്നുള്ള മത്സരങ്ങളുടെ പുനഃസംപ്രേക്ഷണം തയാറാണെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ടിവി ഗൈഡും ഇതോടൊപ്പം ചേര്‍ക്കുന്നു’ – സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തു.
Leave a Comment