കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് പരമ്പര നടത്താമെന്ന പാക്കിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തറിന്റെ നിര്‍ദ്ദേശം തള്ളി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ഐപിഎല്‍ പോലും നടത്താന്‍ ഗതിയില്ലാതെ നില്‍ക്കുമ്പോഴാണ് ഇന്ത്യ–പാക്കിസ്ഥാന്‍ പരമ്പരയെന്ന ആശയവുമായി അക്തര്‍ രംഗത്തെത്തിയതെന്ന് ശുക്ല ചൂണ്ടിക്കാട്ടി. അക്തര്‍ നല്ല രസികനായ വ്യക്തിയാണെന്നും ഈ നിര്‍ദ്ദേശം നല്ലൊരു തമാശയായി കണ്ടാല്‍ മതിയെന്നും ശുക്ല അഭിപ്രായപ്പെട്ടു.
‘ഷോയ്ബ് അക്തര്‍ വളരെ രസികനായ മനുഷ്യനാണ്. എപ്പോഴും ഇങ്ങനെ തമാശയൊക്കെ പറഞ്ഞുനടക്കുന്ന വ്യക്തി. ഓരോ സമയത്തും അദ്ദേഹം ഇത്തരം രസകരമായ നിര്‍ദ്ദേശങ്ങളുമായി രംഗത്തുവരാറുണ്ട്. ഇപ്പോള്‍, കൊറോണ വൈറസ് വ്യാപനം നേരിടാന്‍ ഫണ്ട് കണ്ടെത്തുന്നതിന് ഇന്ത്യ–പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ഇതും അത്തരമൊരു തമാശയായിട്ടേ എനിക്കു തോന്നുന്നുള്ളൂ. ഐപിഎല്ലു പോലും നടത്താന്‍ സാധിക്കാതെ നട്ടംതിരിയുകയാണ് നമ്മള്‍.ച അപ്പോഴാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം. ഇത്തരമൊരു മത്സരം നടത്തിയാലും അത് ആരു കാണും? കളിക്കാന്‍ താരങ്ങള്‍ക്ക് ആര് അനുവാദം നല്‍കും?’ – ശുക്ല ചോദിച്ചു.
‘ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി പരമ്പരകള്‍ നിര്‍ത്തിവച്ചിട്ടു തന്നെ എത്ര നാളായി. ഇത്രയും മോശമായ സാഹചര്യത്തില്‍ ഈ മത്സരം ആരു നടത്തും. അക്തറിന്റെ രാജ്യത്ത് സ്ഥിതിഗതികള്‍ ഇവിടുത്തേക്കാള്‍ രൂക്ഷമാണ്. ഇത്രയും പ്രതിസന്ധി ഘട്ടത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം തമാശയല്ലാതെ മറ്റൊന്നുമല്ല’ – ശുക്ല ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പണം കണ്ടെത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കണമെന്ന നിര്‍ദ്ദേശവുമായി കഴിഞ്ഞ ദിവസമാണ് അക്തര്‍ രംഗത്തുവന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് ഉള്‍പ്പെടെയുള്ള നിഷ്പക്ഷ വേദികളില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താമെന്നും വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, അക്തറിന്റെ നിര്‍ദ്ദേശം തള്ളി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.
‘അക്തറിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ നമുക്ക് അങ്ങനെ പണം കണ്ടെത്തേണ്ട ആവശ്യമില്ല. നമുക്ക് ആവശ്യത്തിന് പണം കൈവശമുണ്ട്. നമ്മുടെ അധികാരികള്‍ ഈ പ്രതിസന്ധി ഘട്ടത്തെ കൈകാര്യം ചെയ്യാന്‍ എങ്ങനെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രധാനം. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ രാഷ്ട്രീയക്കാര്‍ പരസ്പരം കരിവാരി തേക്കുന്നത് കാണാം. അതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്’ – കപില്‍ ദേവ് പറഞ്ഞു.
Leave a Comment