തിരുവനന്തപുരം: ലോക്ഡൗണിനിടയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള വര്‍ക്‌ഷോപ്പുകളും മൊബൈല്‍ ഫോണ്‍ കടകളും നിയന്ത്രിത ദിനങ്ങളില്‍ തുറക്കാന്‍ അനുമതി. വാഹന വര്‍ക്‌ഷോപ്പുകള്‍ വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തുറക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍കൂടി തുറക്കാന്‍ അനുവദിക്കും. മൊബൈല്‍ ഷോപ്പ് ഞായറാഴ്ച തുറക്കാം. ഫാന്‍, എയര്‍ കണ്ടിഷണര്‍ ഇവ വില്‍പന നടത്തുന്ന കടകള്‍ ഒരുദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മരുന്ന് ക്ഷാമം ചിലയിടങ്ങളിലുണ്ട്. മാനസിക പ്രശ്‌നം അനുഭവിക്കുന്നവര്‍, വൃക്കരോഗികള്‍ തുടങ്ങിവര്‍ക്കു മരുന്നുകള്‍ ലഭിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്. ഇക്കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാരിനെ അറിയിക്കണം. അട്ടപ്പാട്ടിയില്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് മദ്യം കടത്തുന്നതായി വാര്‍ത്തകളുണ്ട്. ഇതില്‍ എക്‌സൈസ് ശക്തമായി ഇടപെടും. കുട്ടികള്‍ക്കു വായിക്കാന്‍ പുസ്തകങ്ങള്‍ വേണം. വായനശാലകള്‍ പുസ്തകങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കണം. ഇതിനായി ഇളവുകള്‍ നല്‍കും.
റേഷന്‍ വിതരണത്തില്‍ നല്ല മുന്നേറ്റം ഉണ്ടായി. ചെറിയ പരാതികള്‍ പോലും ഗൗരവമായി കാണണമെന്നു നിര്‍ദേശം നല്‍കി. മൃഗശാലകള്‍ അണുവിമുക്തമാക്കും. വളര്‍ത്തു മൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കണം. കമ്മ്യൂണിറ്റി കിച്ചണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അപൂര്‍വമായി ചില ഇടങ്ങളില്‍ അനാവശ്യ പ്രവണതകളുണ്ട്. പത്തനംതിട്ട ജില്ലയില്‍ 9 സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തോടെ സമാന്തരകിച്ചണുകള്‍ നടത്തുന്നു. ഇതില്‍ മത്സരത്തിന് ഇടമില്ല. ആവശ്യത്തിനാണ് ഇടപെടല്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment