ലോക്ഡൗണ്‍ നീട്ടുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചു യാതൊരു തീരുമാനവും ഇതേവരെ എടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ അരുതെന്നും ആരോഗ്യമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്.

അതേസമയം, മേഖല കേന്ദ്രീകരിച്ചുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനം (ക്ലസ്റ്റര്‍ ലെവല്‍ കന്റൈന്‍മെന്റ്) പത്തനംതിട്ട അടക്കം ആറിടത്ത് ഫലം കണ്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പത്തനംതിട്ടയ്ക്കു പുറമേ, ആഗ്ര, ഭില്‍വാഡ, മുംബൈ, ജിബി നഗര്‍, ഈസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളില്‍ ഇതുവഴി കോവിഡ് കേസുകള്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ലോക്ഡൗണ്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോവിഡ് ബാധിതനായ ഒരാളില്‍നിന്ന് 30 ദിവസം കൊണ്ട് 406 പേര്‍ക്കു വരെ വൈറസ് പിടിപെടാമെന്നാണ് ഐസിഎംആര്‍ പഠനം. ഇന്ത്യയുടെ സമയോചിതമായ ലോക്ഡൗണ്‍ നടപടികള്‍ വളരെയധികം പ്രയോജനപ്പെട്ടു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആണ് കോവിഡിനെതിരായ സോഷ്യല്‍ വാക്‌സിനെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

നേരത്തേ, കോവിഡ് വ്യാപന ഭീതിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണു വിവരം പുറത്തുവിട്ടത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23ന് അര്‍ധരാത്രി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

അതിനിടെ കോവിഡ് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള വിശദമായ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാരിന്റെ കര്‍മസമിതി റിപ്പോര്‍ട്ട് തയാറാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ 15 മുതല്‍ മൂന്നു ഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാണു സമിതിയുടെ ശുപാര്‍ശ. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളുമാണ് അടിസ്ഥാന മാനദണ്ഡം. രോഗവ്യാപനം കൂടിയാല്‍ ഉടന്‍ നിയന്ത്രണം കടുപ്പിക്കണമെന്നു ജനങ്ങളെ അറിയിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. വിദഗ്ധ സമിതി നിര്‍ദേശം മന്ത്രിസഭാ യോഗം നാളെ ചര്‍ച്ച ചെയ്യും.

ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ലോക്ഡൗണ്‍ എങ്ങനെ പരിഗണിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. അന്തിമ തീരുമാനം കേരളം നാളെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണു നിര്‍ദേശങ്ങളിലുള്ളത്. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളായാണു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. ഒന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ – പുറത്തിറങ്ങണം എങ്കില്‍ മുഖാവരണം വേണം, ആധാറോ, തിരിച്ചറിയല്‍ കാര്‍ഡോ കൈവശം വേണം, യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം, തുറക്കുന്ന സ്ഥാപനങ്ങളില്‍ സാനിറ്റൈസേഷന്‍ സംവിധാനം വേണം, നിയമപരമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം, ഒരാള്‍ക്കു മാത്രമേ ഒരു വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ, മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും പുറത്തുപോകാന്‍ അനുവദിക്കുന്ന സമയം, 65 വയസ്സിനു മുകളിലുള്ളവര്‍ പുറത്തിറങ്ങരുത്, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും പുറത്തിറങ്ങരുത്, വാഹനങ്ങള്‍ ഒറ്റ, ഇരട്ട നമ്പറുകള്‍ പ്രകാരം നിയന്ത്രിക്കും, ഞായറാഴ്ചകളില്‍ കടുത്ത വാഹന നിയന്ത്രണം, 5 പേരില്‍ കൂടുതല്‍ ഒരാവശ്യത്തിന് ഒത്തുചേരരുത്, മതപരമായ ചടങ്ങുകള്‍ക്കും കൂട്ടം കൂടരുത്, ബാങ്കുകള്‍ക്കു സാധാരണ പ്രവൃത്തി സമയം.

രണ്ടാം ഘട്ട നിയന്ത്രണങ്ങള്‍– 14 ദിവസത്തിനുള്ളില്‍ ഒരു പുതിയ കേസുപോലും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ കൂടരുത്. ഒരു കോവിഡ് ഹോട്‌സ്‌പോട്ടും പാടില്ലെന്നും രണ്ടാം ഘട്ടത്തില്‍ നിര്‍ദേശമുണ്ട്. മൂന്നാം ഘട്ടത്തിനുള്ള മാര്‍ഗ രേഖ ഇങ്ങനെ – 14 ദിവസത്തിനിടെ ഒരു കോവിഡ് കേസും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയാകണം. സംസ്ഥാനത്തെവിടെയും ഒരു കോവിഡ് ഹോട്‌സ്‌പോട്ടും പാടില്ല.

pathram:
Related Post
Leave a Comment