വാഷിംഗ്ടണ്‍: ഇറ്റലിക്കും സ്‌പെയിനും പിന്നാലെ അമേരിക്കയിലും കൊറോണ മരണം 10,000 കടന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 10,871 പേര്‍ കൊറോണ ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടയില്‍ 1,243 പേരാണ് മരണമടഞ്ഞത്. ആകെ രോഗികളടെ എണ്ണം 3,67,004 ആയി. അടുത്തയാഴ്ച ഏറെ നിര്‍ണ്ണായകം എന്ന വിലയിരുത്തലകളും മുന്നറിയിപ്പും നല്‍കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.
സാമൂഹ്യ അകലവും ഫേസ് മാസ്‌ക്കുകളും നിര്‍ബ്ബന്ധമാക്കിയിരിക്കുകയാണ്. സ്ഥിതി വഷളായിരിക്കുന്ന ന്യുയോര്‍ക്കില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന് 1000 ഡോളര്‍ പിഴയിട്ടിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയും ന്യൂയോര്‍ക്ക് നല്‍കുന്നു. മരണം നാലായിരം കടന്നിരിക്കുന്ന ന്യൂയോര്‍ക്കില്‍ കഴിഞ്ഞ രണ്ടു ദിവസമായി മരണനിരക്ക് കുറയുന്ന സ്ഥിതിയാണ് കാട്ടുന്നത്. എന്നിരുന്നാലും ആവശ്യത്തിന് മാസ്‌ക്കുകളും വെന്റിലേറ്ററുകളും ഇല്ലാത്തത് പ്രതിസന്ധിയാണ്.
ന്യൂയോര്‍ക്ക് മേഖലയിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് നാമമാത്രമായി. ദേശീയ അടിയന്തരാവസ്ഥയ്ക്കു പുറമേ 50 സംസ്ഥാനങ്ങളില്‍ 42 എണ്ണവും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. നിയന്ത്രണം കടുത്തതോടെ രാജ്യത്തെ 33 കോടി ജനങ്ങളില്‍ 95 ശതമാനവും വീടിനുള്ളിലാണ്. യുഎസ് സൈനികരും ആയിരം ഡോക്ടര്‍മാരും നഴ്‌സുമാരും രംഗത്തുണ്ട്്. ന്യയോര്‍ക്ക്, ലൊസാഞ്ചല്‍സ് നാവികസേനയുടെ രണ്ടു ആശുപത്രിക്കപ്പലുകള്‍ ചികിത്സയ്ക്കു വിട്ടുകൊടുത്തു.
എന്നിരുന്നാലും അടുത്തയാഴ്ച കോവിഡ് വ്യാപനം കൂടുമെന്നും മരണ നിരക്ക് ഉയരുമെന്നുമാണ് കണക്കാക്കുന്നത്. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ആള്‍ക്കാര്‍ മരണമടയുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയിലെ കോവിഡ് മരണങ്ങളെ 1941 ല്‍ ലോകയുദ്ധത്തില്‍ ജപ്പാന്‍ നടത്തിയ 2400 പേര്‍ മരിക്കാനിടയായ പേള്‍ ഹാര്‍ബര്‍, 2001 സെപ്തംബര്‍ 11 ലെ 2996 പേര്‍ മരണമടയാനിടയായ വേള്‍ഡ് ട്രേഡ് സെന്റര്‍ തീവ്രവാദി ആക്രമണത്തോടും താരതമ്യപ്പെടുത്തി തുടങ്ങിയിട്ടുണ്ട്്. പക്ഷേ ഇവയിലെ മരണത്തിന്റെ മൂന്നിരട്ടിയാണ് അമേരിക്കയില്‍ കോവിഡ് ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം കൊറോണ പ്രതിരോധ മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്.
‘അദ്ദേഹം (നരേന്ദ്ര മോദി) അങ്ങനെ ചെയ്യുമെങ്കില്‍ അതെന്നെ അദ്ഭുതപ്പെടുത്തുന്നു. കാരണം ഇന്ത്യയും യുഎസും തമ്മില്‍ നല്ല ബന്ധമാണ്. മരുന്നിന്റെ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അദ്ദേഹം തടഞ്ഞതിനെ മനസ്സിലാക്കാം. ഞങ്ങള്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. നല്ല സംഭാഷണമായിരുന്നു. ഞങ്ങള്‍ക്ക് മരുന്ന് തരാന്‍ താങ്കള്‍ അനുവാദം നല്‍കുമെങ്കില്‍ അഭിനന്ദിക്കുന്നു. മറിച്ചാണ് തീരുമാനമെങ്കില്‍ പ്രശ്‌നമില്ല, പക്ഷേ തീര്‍ച്ചയായും തിരിച്ചടി ഉണ്ടാകും’– ട്രംപ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ഈ മരുന്നിന്റെ കാര്യത്തില്‍ യുഎസിന് ഇളവ് നല്‍കണമെന്നും മരുന്ന് അനുവദിക്കണമെന്നും മോദിയോടു ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. അതിനിടെ, ട്രംപിന്റെ ആവശ്യം കൂടി പരിഗണിച്ച് 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചിട്ടുണ്ട്. മോദിയുമായി വളരെ അടുത്ത ബന്ധമാണ് ട്രംപിനുള്ളത്. ഇത് തകരാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ മൂന്ന് മില്യന്‍ ഡോളര്‍ ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രംപ് നല്‍കിയിരുന്നു.
Leave a Comment