ഇതു ഭയാനകമാണ്, യുഎസ് ആശുപത്രിയിലെ ഭീകരകാഴ്ചകള്‍ പുറത്തുവിട്ട് സിഎന്‍എന്‍

ന്യൂയോര്‍ക്ക്: ബ്രൂക്‌ലിനിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി റൂം. 40 മിനിറ്റുകള്‍ക്കുള്ളില്‍ ഹൃദയാഘാതമുണ്ടായത് ആറ് രോഗികള്‍ക്ക്. നിമിഷങ്ങള്‍ക്കുള്ളില്‍ നാല് പേര്‍ മരണത്തിനു കീഴടങ്ങി. ഗുരുതര രോഗികള്‍ക്കു വേണ്ടി മാത്രം മുഴങ്ങാറുള്ള ഹോസ്പിറ്റല്‍ അലര്‍ട്ട് സിസ്റ്റത്തില്‍ നിന്നള്ള ‘കോഡ് 99′ ന്റെ ശബ്ദം ഒരു മണിക്കൂറിനുള്ളില്‍ അഞ്ച് തവണ മുഴങ്ങി, ഡോക്ടര്‍മാര്‍ ഓടിയെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള യുഎസിലെ ഏതൊരു ആശുപത്രിയിലെയും സാധാരണ കാഴ്ചയായി ഇതു മാറി കഴിഞ്ഞു. എന്നാല്‍ കണ്ടുനില്‍ക്കുന്ന ഏതൊരാള്‍ക്കും ഇതു ഭയാനകമാണ്.

ഇവരെല്ലാം വളരെ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ്. നിങ്ങളോടു സംസാരിക്കുന്നതിനിടയില്‍ അവരുടെ ഹൃദയമിടിപ്പ് നിലയ്ക്കും. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം നമ്മള്‍ അവരുടെ തൊണ്ടയില്‍ ഒരു ട്യൂബ് ഇടും. വെന്റിലേറ്റര്‍ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുമെന്ന പ്രതീക്ഷയോടെ’– റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ജൂലി ഈസന്‍ പറഞ്ഞു. യുഎസിലെ ആയിരകണക്കിന് കോവിഡ് രോഗികള്‍ക്കു സംഭവിക്കുന്നതിന്റെ യാഥാര്‍ഥ്യം ഇതാണ്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍, എല്ലാവരും വീട്ടില്‍ തന്നെ കഴിയുന്നതിനാല്‍ ഇതു പുറംലോകം അറിയുന്നില്ല.

ന്യൂയോര്‍ക്കിലെ ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രി സന്ദര്‍ശിച്ച സിഎന്‍എന്‍ മാധ്യമ സംഘമാണ് യുഎസിലെ ആശുപത്രിയിലെ ഭീകരകാഴ്ചകള്‍ പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സിയിലുള്ള എല്ലാ രോഗികളും കൊറോണ വൈറസ് ബാധിച്ചവരാണ്. പകര്‍ച്ചവ്യാധിയെ നേരിടാന്‍ കോവിഡ് ആശുപത്രിയായി മാറ്റാന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഉത്തരവിട്ട സംസ്ഥാനത്തെ മൂന്നു ആശുപത്രികളില്‍ ഒന്നാണിത്.

ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലേക്കു വരുന്ന രോഗികളുടെ എണ്ണം വൈറസിന് മുന്‍പുള്ളതിനേക്കാള്‍ കുറവാണ്. എന്നാല്‍ ഇപ്പോള്‍ വരുന്നവരെല്ലാം കോവിഡ് രോഗികള്‍ ആയതിനാല്‍ മരണനിരക്ക് കൂടുന്നു. വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25% രോഗികളും മരിച്ചു. ഇതു ആശുപത്രിയുടെ പ്രശ്‌നമല്ലെന്നും രോഗത്തിന്റെ പ്രത്യേകതയാണെന്നും എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യന്‍ ഡോ.ലൊറന്‍സോ പാലഡിനോ പറഞ്ഞു.

നുറുങ്ങിയ എല്ലുകളോ വയറുവേദനയോ ആയി വരുന്ന രോഗികളെ ഇവര്‍ ഇപ്പോള്‍ കാണുന്നില്ല. ലോകമെമ്പാടും പടര്‍ന്ന കൊറോണ വൈറസ് ബാധിച്ചു ശ്വസിക്കാന്‍ പാടുപെടുന്ന ആളുകളെ മാത്രമാണ്, വൈറസ് വ്യാപനം അതിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥയിലേക്ക് പോകുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ ഈ ഡോക്ടര്‍മാര്‍ കാണുന്നത്. ഓരോ ദിവസവും വരുന്ന രോഗികളുടെ എണ്ണം പെരുകികൊണ്ടിരിക്കുന്നു. വിശ്രമിക്കാന്‍ സമയമില്ല. ഒരു കിടക്കയില്‍ കിടന്ന രോഗി മരിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ അവിടം സാനിറ്റൈസ് ചെയ്യുന്നു. അടുത്ത നിമിഷം ഗുരുതരാവസ്ഥയിലുള്ള മറ്റൊരു രോഗി മുഖത്ത് ഓക്‌സിജന്‍ മാസ്‌ക്കുമായി ആ കിടക്കയില്‍ കിടക്കുന്നു.

യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള 400ഓളം പേരില്‍ 90 ശതമാനം രോഗികളും 45 വയസ്സിനു മുകളിലുള്ളവരാണ്. 60% പേര്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ രോഗി മൂന്നു വയസ്സുള്ള ഒരു പിഞ്ചുകുഞ്ഞാണ്. ’20നും 30നും ഇടയില്‍ പ്രായമുള്ള നിരവധി ചെറുപ്പക്കാര്‍ക്കും രോഗമുണ്ട്. അവരുടെ മുഖത്തെ ദൈന്യത വളരെ കഷ്ടമാണ്. എമര്‍ജന്‍സി റൂമില്‍ ഇരുന്നു പലപ്പോഴും ആയിരം മൈലുകള്‍ അകലേയ്ക്ക് വെറുതെ നോക്കിയിരുന്ന് അവര്‍ കരയും.’ – ഡോ.ലൊറന്‍സോ പാലഡിനോ പറഞ്ഞു.

‘കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 94 പേരാണ് മരണത്തിനു കീഴടങ്ങിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍, ആശുപത്രി ജീവനക്കാര്‍ എല്ലാവരും രോഗികളെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. മുന്‍പൊരിക്കലും ഞങ്ങള്‍ക്ക് ഈ പ്രതിസന്ധി നേരിടേണ്ടിവന്നിട്ടില്ല. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം രോഗികളും മരണവും ഉണ്ടാകുന്നത് ഉള്‍ക്കൊള്ളാന്‍ ആരും മാനസികമായി തയാറല്ല എന്നതാണ് വസ്തുത. ഞങ്ങളില്‍ ആരും തന്നെ അതിനു തയാറാണെന്ന് ഞാന്‍ കരുതുന്നില്ല.’ – ഡോ. സിന്തിയ ബെന്‍സന്‍ പറഞ്ഞു.

ബ്രൂക്‌ലിനിലെ ഈസ്റ്റ് ഫ്‌ലാറ്റ്ബുഷ് പരിസരത്ത് എട്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായ ഇവിടെ സ്ഥിതിഗതികള്‍ യുദ്ധസമാനാണ്. പുറംലോകത്തു നിന്നു വളരെ വ്യത്യസതമാണ് ഇവിടുത്തെ കാഴ്ചകള്‍. വളരെ സാധാരണമായ ജീവിതം നയിച്ചിരുന്ന ഈ ആശുപത്രി മതില്‍ക്കെട്ടിനുള്ളിലെ എല്ലാവരുടെയും ജീവിതങ്ങള്‍ ഒറ്റരാത്രികൊണ്ടാണ് മാറിമറിഞ്ഞതെന്നു പറയാം. അതിപ്പോള്‍ മൂന്നാഴ്ച പിന്നിടുന്നു.

225 കിടക്കകളില്‍ കിടന്ന രോഗികളെ മാത്രം പരിചരിക്കേണ്ടിയിരുന്ന 2000ത്തോളം ജീവനക്കാര്‍ ഇന്നു ടെന്റുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക മുറികളാക്കി മാറ്റിയ ആശുപത്രി കാന്റീനില്‍ കിടക്കുന്ന കോവിഡ് രോഗികളെ വരെ രാപ്പകലില്ലാതെ ശുശ്രൂഷിക്കേണ്ടി വരുന്നു. ഈ ടെന്റുകള്‍ യഥാര്‍ഥത്തില്‍ നമ്മള്‍ ഒരു യുദ്ധമേഖലയില്‍ തന്നെയാണ് നില്‍ക്കുന്നതെന്നു തോന്നിപ്പിക്കും. അങ്ങനെ ചിന്തിച്ചാല്‍ അതില്‍ അതിശോക്തിയില്ലെന്ന് ഇവര്‍ പറയുന്നു. കാരണം, ഓരോ ജീവനക്കാരനും ഇവിടെ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്. കോവിഡിനോടു പടവെട്ടുന്ന പടയാളികളായി.

pathram:
Leave a Comment