46 മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു

മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്. ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാര്‍ക്കാണ് മുംബൈ സെന്‍ട്രലിലെ ഈ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ മൂന്നു ഡോക്ടര്‍മാരും ഉള്‍പ്പെടും. ഗുരുതരമായതിനെത്തുടര്‍ന്ന് ഒരു മലയാളി നഴ്‌സിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ പരിശോധനാഫലം പുറത്തു പോകാതിരിക്കാന്‍ കോവിഡ് പരിശോധനാഫലം ഇവര്‍ക്കു കൈമാറുന്നില്ല. പകരം, പോസിറ്റീവ് ആയവരോട് വാക്കാല്‍ അറിയിക്കുകയാണെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മുംബൈ സെന്‍ട്രലിലെ ഈ സ്വകാര്യ ആശുപത്രിയിലും പ്രവര്‍ത്തിച്ചിരുന്നയാളാണ്. മുംബൈ സെന്‍ട്രലിലെ ഈ ആശുപത്രില്‍ മറ്റു രോഗങ്ങള്‍ക്ക് ചികില്‍സ േതടിയെത്തിയ ഒരാള്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തെ പരിചരിച്ച നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമായി പത്തിലേറെപ്പേര്‍ക്ക് രോഗം ബാധിച്ചു. അവരില്‍ നിന്നാണ് അന്‍പതിലേറെ പേരിലേക്ക് കോവിഡ് വ്യാപിച്ചിരിക്കുന്നത്.

ഹോസ്റ്റലില്‍ കഴിയുന്ന മലയാളികളടക്കമുള്ള നഴ്‌സുമാരെ ഏതാനും ദിവസങ്ങളായി അവിടെ ഐസലേഷനില്‍ ആക്കിയിരിക്കുകയാണ്. ആ സമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ തന്നെയാണ് ഇപ്പോഴും രാപ്പകലില്ലാതെ ഡ്യൂട്ടിയില്‍ തുടരുന്നത്. ഇതിനിടെ, ഹോസ്റ്റലില്‍ താമസിക്കുന്നവരില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കു മാറ്റുന്നുണ്ട്. ഒരുമിച്ച് കഴിഞ്ഞിരുന്നവരാണെന്നതിനാല്‍ ഹോസ്റ്റലുകളിലുള്ള മറ്റുള്ളവരും ആശങ്കയിലാണ്.

അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. ഇതുവരെ ആകെ 109 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 32 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉയര്‍ന്ന മരണനിരക്കാണിത്. പുതുതായി 693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് ആകെ 4,067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 292 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് – 45. ഇവിടെ 690 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡല്‍ഹിയിലും തെലങ്കാനയിലും ഏഴു പേര്‍ വീതം മരിച്ചു.

ഡല്‍ഹിയില്‍ 503 പേര്‍ക്കും തെലങ്കാനയില്‍ 321 പേരും രോഗബാധിതരാണ്. തമിഴ്‌നാട്ടില്‍ 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 571 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ രണ്ടു പേരാണ് മരിച്ചത്. 314 പേര്‍ രോഗബാധിതരാണ്. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളില്‍ രോഗികളില്ല. ലക്ഷദ്വീപ്, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളിലും വൈറസ് ബാധിതരില്ല.

pathram desk 2:
Related Post
Leave a Comment