ന്യൂഡല്‍ഹി: വീടുകളില്‍നിന്ന് പുറത്തുപോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീടുകളില്‍ ഉണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.
മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌ക്കാണ് ഉപയോഗിക്കേണ്ടത്. വീടിനു പുറത്തിറങ്ങുന്നവര്‍, പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഇതിനായി വീട്ടില്‍ ലഭ്യമായ വൃത്തിയുള്ള തുണി ഉപയോഗിച്ച് മാസ്‌ക് നിര്‍മിക്കുന്നതെങ്ങനെയെന്ന കാര്യവും മാര്‍നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, രോഗബാധിതരോ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളവരോ ആയവര്‍ ഇത്തരം വീട്ടില്‍നിര്‍മിച്ച മാസ്‌ക് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരും കോവിഡ് 19 രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകരും പൂര്‍ണമായും സുരക്ഷാക്രമീകരണങ്ങള്ളുള്ള മാസ്‌ക് തന്നെ ധരിക്കണം. മറ്റുള്ളവര്‍ക്കാണ് വീടുകളില്‍ നിര്‍മിക്കുന്ന മാസ്‌ക് സംബന്ധിച്ച മാര്‍ഗനിര്‍ദേശം ബാധകമാകുക.
ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല. ഒരേ കുടുംബത്തിലുള്ളവരാണെങ്കിലും ഓരോരുത്തരും വെവ്വേറെ മാസ്‌ക് ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് 19 രോഗികളും അവരുമായി അടുത്ത് ഇടപഴകുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.
Leave a Comment