ശാസ്ത്രിയെ ഓര്‍മ്മിപ്പിച്ച് യുവരാജ്; സച്ചിനും കോഹ്ലിയും മാത്രമല്ല, ഞാനും ധോണിയും ഉണ്ടായിരുന്നു..!!!

2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയതിന്റെ ഒന്‍പതാം വാര്‍ഷികം ഇന്നലെ കഴിഞ്ഞു. ഇൗ ദിവസം ആ ചരിത്ര നിമിഷം ഓര്‍ക്കാന്‍ ആ മത്സരം റീ ടെലികാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഓര്‍മദിനം വിവിധ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ധോണിയുടെ സിക്‌സിനോടുള്ള ‘അമിത ആരാധനയെ’ വിമര്‍ശിച്ച് ബിജെപി എംപി കൂടിയായ ഗൗതം ഗംഭീര്‍ തുടക്കമിട്ട വിവാദങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവില്‍ കണ്ണിചേര്‍ന്നത് അന്നത്തെ ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട യുവരാജ് സിങ്.

ലോകകപ്പ് കിരീടനേട്ടത്തിന്റെ വാര്‍ഷികം പ്രമാണിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘുകുറിപ്പില്‍നിന്ന് തന്റെയും മഹേന്ദ്രസിങ് ധോണിയുടെയും പേരുകള്‍ വിട്ടുകളഞ്ഞ ഇന്ത്യന്‍ സീനിയര്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെയായിരുന്നു യുവിയുടെ പടപ്പുറപ്പാട്. ഗൗതം ഗംഭീറിന്റെ വാക്കുകളുടെ ഗൗരവമില്ലെങ്കിലും തമാശരൂപേണ ശാസ്ത്രിക്കിട്ട് യുവി കൊടുത്തത് ട്വിറ്ററില്‍ വൈറല്‍ ആയി.

2011ലെ ലോകകപ്പ് കിരീടനേട്ടവുമായി ബന്ധപ്പെട്ട് ശാസ്ത്രി ട്വിറ്ററില്‍ കുറിച്ച വാക്കുകളിങ്ങനെ: ‘പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍! ജീവിതത്തിലെന്നും നിങ്ങള്‍ക്ക് താലോലിക്കാനുള്ള നിമിഷമാണിത്. 1983ലെ ഞങ്ങളുടെ സംഘത്തെപ്പോലെ തന്നെ’ – ഇന്ത്യയെ വിജയത്തിലെത്തിച്ച മഹേന്ദ്രസിങ് ധോണിയുടെ സിക്‌സറിന്റെ വിഡിയോ സഹിതം ശാസ്ത്രി കുറിച്ചു. മാത്രമല്ല, ഇതിനൊപ്പം ടാഗ് ചെയ്തത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോലി എന്നിവരെ മാത്രം. അഭിനന്ദനങ്ങളും നല്ലവാക്കും ഇവര്‍ക്കു മാത്രമെന്നു ചുരുക്കം.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങിലെ ചടുലതകൊണ്ടും ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിസ്തുല സംഭാവന നല്‍കി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട യുവരാജ് സിങ്ങിനോ, കലാശക്കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മഹേന്ദ്രസിങ് ധോണിക്കോ ശാസ്ത്രിയുടെ ട്വീറ്റില്‍ ഇടമില്ല! കളത്തില്‍ തികഞ്ഞ പോരാളിയായിരുന്ന യുവിക്കിത് സഹിക്കുമോ? ശാസ്ത്രിയുടെ ട്വീറ്റിനു ചുവടെ കമന്റിന്റെ രൂപത്തില്‍ തന്റെ അതൃപ്തി യുവി ഇപ്രകാരം കുറിച്ചിട്ടു.

‘നന്ദി സീനിയര്‍! താങ്കള്‍ക്ക് വേണമെങ്കില്‍ എന്നെയും മഹിയെയും (മഹേന്ദ്രസിങ് ധോണി) ഇതിനൊപ്പം ടാഗ് ചെയ്യാം. ഞങ്ങളും ഈ കിരീടനേട്ടത്തില്‍ പങ്കാളികളായിരുന്നു.

അബന്ധം മനസ്സിലാക്കിയാകണം, യുവരാജിന്റെ കമന്റിന് മറുപടി നല്‍കി ശാസ്ത്രി വീണ്ടും ട്വീറ്റ് ചെയ്തു. യുവിയുടെ കമന്റ് റീട്വീറ്റ് ചെയ്ത് ശാസ്ത്രി കുറിച്ചതിങ്ങനെ:

‘ലോകകപ്പുകളുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ജൂനിയറല്ല. ഇതിഹാസമാണ് താങ്കള്‍’ – ഈ ട്വീറ്റിനൊപ്പം യുവരാജിനെ ടാഗ് ചെയ്യാനും ശാസ്ത്രി മറന്നില്ല!

നേരത്തെ, ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിലെ ഏറ്റവും മിഴിവുള്ള ചിത്രമായ ധോണിയുടെ സിക്‌സിനെ ‘സിക്‌സറി’നു പറത്തി അന്നത്തെ സഹതാരവും ഇപ്പോള്‍ ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. ധോണിയുടെ ആ സിക്‌സറിനോടുള്ള ഇഷ്ടക്കൂടുതല്‍ കൈവിടാന്‍ നേരമായി എന്നു പ്രതികരിച്ച ഗംഭീര്‍ ലോകകപ്പ് നേടിയത് ധോണി ഒറ്റയ്ക്കല്ല, ടീം ഒന്നാകെയാണെന്നും തുറന്നടിച്ചു.

ക്രിക് ഇന്‍ഫോ ക്രിക്കറ്റ് വെബ്‌സൈറ്റിന്റെ ട്വീറ്റിനുള്ള മറുപടിയായിട്ടാണ് ഗംഭീര്‍ ലോകകപ്പ് വിജയശില്‍പിയായി ധോണിയെ മാത്രം വാഴ്ത്തിപ്പാടുന്നതിനെ വിമര്‍ശിച്ചത്. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 122 പന്തില്‍ 97 റണ്‍സെടുത്ത ഗംഭീറായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ 79 പന്തില്‍ 91 റണ്‍സെടുത്ത ധോണിയാണ് മാന്‍ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് നേട്ടത്തിന്റെ ഒന്‍പതാം വാര്‍ഷികം, നുവാന്‍ കുലശേഖരയുടെ പന്തില്‍ ധോണി അടിച്ച പടുകൂറ്റന്‍ സിക്‌സര്‍ ട്വീറ്റ് ചെയ്താണ് വെബ്‌സൈറ്റ് അനുസ്മരിച്ചത്. ‘2011ല്‍ ഇതേ ദിനം, കോടിക്കണക്കിന് ഇന്ത്യക്കാരെ ആഹ്ലാദത്തില്‍ ആറാടിച്ച ആ ഷോട്ട്’ എന്നതായിരുന്നു ചിത്രത്തോടൊപ്പമുള്ള കുറിപ്പ്.

ആരാധകരെല്ലാം ട്വീറ്റ് ആഘോഷമാക്കിയെങ്കിലും ഗംഭീറിന് അതു പിടിച്ചില്ല. സിക്‌സിന്റെ ചിത്രം ഒരു കുറിപ്പിനൊപ്പം റീട്വീറ്റ് ചെയ്ത് ഗംഭീര്‍ തന്റെ എതിര്‍പ്പ് പരസ്യമായിത്തന്നെ വെളിപ്പെടുത്തി: ‘ചെറിയൊരു ഓര്‍മപ്പെടുത്തല്‍. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെയും ഇന്ത്യന്‍ ടീമിന്റെയും മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും കൂട്ടായ പരിശ്രമം വഴി നേടിയതാണ്. ആ ഒരു സിക്‌സിനോടുള്ള നിങ്ങളുടെ പ്രതിപത്തി ദൂരെക്കളയാന്‍ സമയമായി’. ഗംഭീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

pathram:
Related Post
Leave a Comment