മോദി പറഞ്ഞിട്ടും അനുസരിച്ചില്ല; സുരേന്ദ്രന്റെ തിരുവനന്തപുരം യാത്ര വിവാദമാകുന്നു

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോടായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് വന്നതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം, പൊലീസിന്റെ അനുമതിയോടെയാണ് യാത്ര ചെയ്തതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം

ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നത് വരെ എവിടെയാണോ ഉളളത് ആവിടെ തന്നെ തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കാറ്റില്‍പ്പറത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്. കഴിഞ്ഞദിവസങ്ങളില്‍ കോഴിക്കോട്ടെ വീട്ടിലായിരുന്നു കെ സുരേന്ദ്രന്‍. ഇവിടെ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു.

ലോക്ക് ഡൗണില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിച്ചിരുന്നത്. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിന് പൊലീസിന്റെ പാസും നിര്‍ബന്ധമാണ്. എന്നാല്‍, ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയതെന്നാണ് സുരേന്ദ്രന്റെയും പാര്‍ട്ടിയുടെയും വിശദീകരണം. അതേസമയം, ചാരിറ്റി പ്രവര്‍ത്തനത്തിനായി സേവാ ഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസിലാണ് കെ.സുരേന്ദ്രന്‍ യാത്ര ചെയ്തതെന്നാണ് സൂചന.

ലോക്ഡൗണ്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതോടെ സുരേന്ദ്രനെതിരേ വീണ്ടും കേസെടുത്ത് ജയിലിലാക്കമോ എന്നാണ് ചോദ്യം ഉയരുന്നത്.

pathram:
Related Post
Leave a Comment