മനുഷ്യ ജീവന്റെ കാര്യമാണ്; നീട്ടിക്കൊണ്ടു പോകാനാകില്ല; ഇന്ന് അഞ്ചരയ്ക്ക് മുന്‍പ് നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി. മനുഷ്യജീവന്റെ പ്രശ്‌നമാണ് ഇതെന്നും കൂടുതല്‍ നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ കര്‍ണാടക കൂടുതല്‍ സമയം ആശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം. ഇന്ന് അഞ്ചരയ്ക്ക് മുമ്പ് നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഇന്നുതന്നെ വിധി ഉണ്ടായേക്കും.

വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. ഇതിനുശേഷമാകും കര്‍ണാടകം കോടതിയെ തീരുമാനമറിയിക്കുക എന്നാണ് വിവരം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചീഫ് സെക്രട്ടറിമാര്‍ ഇന്നുതന്നെ ആശയവിനിമയം നടത്തുമെന്നാണ് സൂചന.

രൂക്ഷ കോവിഡ് ബാധിത പ്രദേശമായ കാസര്‍കോടേക്കുള്ള അതിര്‍ത്തിപാത തുറക്കാനാവില്ലെന്ന് കര്‍ണാട അഡ്വക്കേറ്റ് ജനറല്‍ അറിയിച്ച പശ്ചാത്തലത്തില്‍ കടുത്ത വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. കര്‍ണാടകത്തിന്റെ നടപടിയെ മനുഷ്യത്വരഹിതമെന്നാണ് കോടതി വിശേഷിപ്പിച്ചത്.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതാകും ഉചിതമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നമായതിനാല്‍ കേരള ഹൈക്കോടതിയ്ക്ക് ഇടപെടാമെന്ന് കോടതി വ്യക്തമാക്കി.

കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന നിലപാട് കര്‍ണാടക ഇന്നും ആവര്‍ത്തിച്ചതോടെ, മംഗലാപുരത്തേക്ക് പോകുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍, അനുകൂലമായ നിലപാടല്ല കര്‍ണാടകയുടെ ഭാഗത്തു നിന്നുണ്ടായത്.

കാസര്‍കോട് നിന്ന് മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേര്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് കേരളം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ പതിറ്റാണ്ടുകളായി വിദഗ്ധ ചികിത്സ തേടുന്നത് മംഗലാപുരത്തു നിന്നാണ്. സ്ഥിരമായി പരിശോധന നടത്തേണ്ടവരും തുടര്‍ചികിത്സ വേണ്ടവരുമായി നിരവധി രോഗികള്‍ ജില്ലയിലുണ്ട് കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ളവരെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മംഗലാപുരത്തെ ആശുപത്രികള്‍ നല്‍കിയ കത്ത് ഉള്‍പ്പെടെയാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

അതിര്‍ത്തി അടച്ചതിനെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി കാണേണ്ടതില്ലെന്നാണ് കര്‍ണാടകത്തിന്റെ വാദം. രൂക്ഷമായ രോഗബാധയുണ്ടായ സ്ഥലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിക്കുയാണ് ചെയ്യുന്നത്. കോവിഡ് ബാധിതരെ ഒഴിവാക്കി മറ്റുള്ളവരെ കടത്തിവിടുക എന്നത് പ്രയോഗികമല്ല. മംഗലാപുരത്തേക്ക് കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും കര്‍ണാടകം പറഞ്ഞു.

pathram:
Related Post
Leave a Comment