പിണറായിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററിന് ഒന്നരക്കോടി നല്‍കി; പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; സാലറി ചാലഞ്ച് വേണ്ടെന്ന് ബിജെപി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ല. ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ധൂര്‍ത്ത് അവസാനിപ്പിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. കഴിവും മനസുമുള്ളവര്‍ പണം നല്‍കട്ടെ. ആ പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണം. കൊറോണ നിയന്ത്രണത്തിന് സ്വന്തം സുരക്ഷ പോലും നോക്കാതെ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ശുചീകരണത്തിലേര്‍പ്പെട്ടവര്‍ തുടങ്ങി അവശ്യ സര്‍വീസിലുള്ളവരുടെ ശമ്പളം ദുരിതാശ്വാസത്തിന് വാങ്ങില്ലെന്നും സര്‍ക്കാര്‍ തീരുമാനിക്കണം.

പ്രളയകാലത്ത് സര്‍ക്കാര്‍ ജീവനക്കാരും സാധാരണ ജനവും ദുരിതാശ്വാസ നിധിയിലേക്ക് കൈ അയച്ച് സഹായം നല്‍കി. എന്നാല്‍ ആ പണം കൃത്യമായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണുണ്ടായത്. ദുരിതബാധിതര്‍ക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സിപിഎം നേതാക്കള്‍ പണം തട്ടിയെടുക്കുന്ന സംഭവവും ഉണ്ടായി. പാര്‍ട്ടി നേതാക്കള്‍ തന്നെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോള്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂര്‍ത്തടിച്ചും സര്‍ക്കാരും അവര്‍ക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ ദുരിതാശ്വാസത്തിന്റെ പേരില്‍ വീണ്ടും ശമ്പളമുള്‍പ്പടെ പിടിച്ചെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ എന്തു വിശ്വസിച്ച് പണം നല്‍കുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഈ പണവും ധൂര്‍ത്തടിക്കുകയും സിപിഎം നേതാക്കള്‍ തട്ടിക്കുകയും ചെയ്യില്ലന്ന് എന്താണുറപ്പെന്നും സുരേന്ദ്രന്‍ ചോദിച്ചു.

pathram:
Leave a Comment