തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം ഏപ്രില്‍ 1ന് ആരംഭിച്ച് 20ന് അവസാനിപ്പിക്കുമെന്നു മന്ത്രി പി. തിലോത്തമന്‍. 20നു ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യധാന്യ വിതരണം നടത്തും. രാവിലെ മുതല്‍ ഉച്ച വരെ മുന്‍ഗണന വിഭാഗങ്ങള്‍ക്കും (മഞ്ഞ, പിങ്ക് കാര്‍ഡ്) ഉച്ച കഴിഞ്ഞ് മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്കും (നീല, വെള്ള കാര്‍ഡ്) എന്ന രീതിയിലാകും സംസ്ഥാനത്തെ 14,250 റേഷന്‍കടകള്‍ വഴി വിതരണം ക്രമീകരിക്കുക.
റേഷന്‍ കടകളില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ ഒരു സമയം 5 പേരെ മാത്രമാകും സാമൂഹിക അകലം പാലിച്ചു സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുക. ഇക്കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ജനപ്രതിനിധികളുടെയും വൊളന്റിയര്‍മാരുടെയും സഹായം തേടും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കുള്ള സൗജന്യ അരി വിതരണത്തിനായി കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ ആധാര്‍ കാര്‍ഡ് ഹാജരാക്കുകയും ഫോണ്‍ നമ്പര്‍ നല്‍കുകയും വേണമെന്നും മന്ത്രി തിലോത്തമന്‍ അറിയിച്ചു.
87 ലക്ഷം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റിന്റെ വിതരണത്തിനായി സാധനങ്ങള്‍ സംഭരിക്കുന്ന ജോലി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കിറ്റില്‍ ആവശ്യമായ പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ ലഭിക്കാനാണു പ്രയാസം നേരിടുന്നത്. കിറ്റിനായി ഓര്‍ഡര്‍ നല്‍കിയ സാധനങ്ങള്‍ ലഭ്യമാക്കാമെന്നു നാഫെഡ് അറിയിച്ചിട്ടുണ്ട്. കിറ്റ് ആവശ്യമില്ലാത്തവര്‍ ഇക്കാര്യം അറിയിക്കണം.
കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും കിറ്റ് നല്‍കും. കിറ്റില്‍ ഏതെങ്കിലും സാധനം വയ്ക്കാതെ പോയതിന്റെ പേരിലോ മാറിപ്പോയതിന്റെ പേരിലോ പരാതി പറയരുതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണ് സപ്ലൈകോയും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ മാസത്തേക്ക് ആവശ്യമായ അരി സംഭരിച്ചതായും 3 മാസത്തേക്കുള്ള അരി സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു.
Leave a Comment